ഗഗനചാരി ടീമിനൊപ്പം 'മണിയൻ ചിറ്റപ്പൻ' ആയി സുരേഷ് ഗോപി; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്
ഗഗനചാരി ടീമിനൊപ്പം 'മണിയൻ ചിറ്റപ്പൻ' ആയി സുരേഷ് ഗോപി; മോഷന്‍ പോസ്റ്റര്‍ പുറത്ത്
Published on

തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഗഗനചാരി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് സുരേഷ് ഗോപി. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്നാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന ആനിമേറ്റഡ് സയൻസ് ഫിക്ഷൻ സിറ്റ് കോമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.

സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗഗനചാരിയെ പോലെ തന്നെ കോമഡി ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോക്കുമെന്ററി രൂപത്തിൽ ഇറങ്ങിയ ചിത്രം ജൂൺ 21 നായിരുന്നു റിലീസ് ചെയ്തത്. ഒടിടി ചിത്രമായി റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ വന്ന മികച്ച അഭിപ്രായങ്ങളെ തുടർന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. കേരളത്തിൽ നടന്ന കേരള പോപ് കോണിൻറെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

ന്യൂയോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

സുർജിത്ത് എസ് പൈ ആണ് 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 'സണ്ണി' '4 ഇയേഴ്സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമയായിരുന്നു സംഗീതം. വി എഫ് എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ആയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com