ചെന്നൈ: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് & സൺസ്' എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിൽ സൂര്യയെത്തുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക.
സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. പ്രണയവും ആക്ഷനും ചേർന്നതാകും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. നാൽപ്പതുകാരനും ഇരുപതുകാരിയും തമ്മിലുള്ള പ്രണയത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് ചിത്രത്തിൽ സംവിധായകൻ ശ്രമിക്കുന്നത്. ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'വിശ്വനാഥ് & സൺസ്' റിലീസ് ചെയ്യും.
'വാത്തി', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് & സൺസ്'. സിത്താര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് സിനിമയുടെ നിർമാണം. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീത സംവിധാനം. രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം രവീണ ടണ്ടൺ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2001ൽ ഇറങ്ങിയ 'ആളവന്താൻ' എന്ന കമൽ ഹാസൻ ചിത്രത്തിലാണ് അവസാനം നടി തമിഴിൽ അഭിനയിച്ചത്.
സിനിമയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിക്കും മുൻപേ 85 കോടി രൂപയ്ക്ക് സൂര്യാ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതിക ആണ് ഈ ചിത്രം നിർമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥാനായിട്ടാണ് സിനിമയിൽ സൂര്യ എത്തുന്നത്. മലയാളി താരങ്ങളായ നസ്രിയ നസിം, നസ്‌ലൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാം ആണ് 'സൂര്യ 47'ന്റെ സംഗീതമൊരുക്കുന്നത്.