
വയനാട് ചൂരല്‍മല ദുരന്തത്തില്‍ അനുശോചനമറിയിച്ച് തമിഴ് നടന്‍ സൂര്യ. ഹൃദയഭേദകം എന്നാണ് സൂര്യ എക്‌സില്‍ കുറിച്ചത്. വയനാട്ടിലെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനയുണ്ടെന്നും സൂര്യ പറഞ്ഞു.
'വയനാട്ടിലെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ പ്രാര്‍ത്ഥനകള്‍. ഹൃദയഭേദകം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സര്‍ക്കാരിനും നാട്ടുകാര്‍ക്കും എല്ലാവര്‍ക്കും എന്റെ ആദരവ്', എന്നാണ് സുര്യ എക്‌സില്‍ കുറിച്ചത്.
അതേസമയം ചൂരല്‍മല ദുരന്തത്തില്‍ രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, എന്നിവിടങ്ങള്‍ക്കു പുറമേ സമീപ പ്രദേശങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിക്കും. യന്ത്രസഹായത്തോടെ മണ്ണിമാറ്റിയാണ് ഇന്നത്തെ തെരച്ചില്‍. കൂടാതെ, സൈന്യത്തിന്റെ ബെയ്ലി പാല നിര്‍മാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും.
ദുരന്തത്തില്‍ 264 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, മരണ സംഖ്യ 280 കടന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഇന്നലെ പൊലീസ് നായ്ക്കളായ മായയും മര്‍ഫിയും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നും ഇവരെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും.