സിഡ്‌നി സ്വീനി ഇനി റംഗില്‍; 'ക്രിസ്റ്റി'യുടെ ട്രെയ്‌ലര്‍ എത്തി

സിഡ്നി ഇതുവരെ ചെയ്ത ഗ്ലാമറസ് കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ക്രിസ്റ്റി.
christy movie
ക്രിസ്റ്റി ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
Published on

അമേരിക്കന്‍ ഈഗിളിന്റെ പരസ്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിന് ശേഷം, ഹോളിവുഡ് നടി സിഡ്‌നി സ്വീനി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ബോക്‌സര്‍ ക്രിസ്റ്റി മാര്‍ട്ടിന്റെ ബയോപിക്കായ ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. ക്രിസ്റ്റിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ക്രിസ്റ്റി മാര്‍ട്ടിന്റെ റിംഗ് കരിയര്‍, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദി കിംഗ്, ദി റോവര്‍, ആനിമല്‍ കിംഗ്ഡം, വാര്‍ മെഷീന്‍ തുടങ്ങിയ പ്രോജക്ടുകളുടെ രചയിതാവാ ഡേവിഡ് മൈക്കോഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിഡ്നി സ്വീനിയാണെന്ന മനസിലാകാത്ത തരത്തിലുള്ള മാറ്റമാണ് താരം ഈ കഥാപാത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. സിഡ്നി ഇതുവരെ ചെയ്ത ഗ്ലാമറസ് കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ക്രിസ്റ്റി. ഈ കഥാപാത്രത്തിന് വേണ്ടി താരം 30 പൗണ്ട് ഭാരം വെക്കുകയും ഫിസിക്കല്‍ ട്രെയിനിങിലൂടെ കടന്ന് പോവുകയും ചെയ്തിരുന്നു.

ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് ആവേശകരമായൊരു അനുഭവമാണ് നല്‍കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോളും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഈഥന്‍ എംബ്രി, ചാഡ് എല്‍ കോള്‍മാന്‍, കാറ്റി ഒബ്രയാന്‍, മെറിറ്റ് വെവര്‍, വാലിന്‍ ഹാള്‍ എന്നിവരും ചിത്രത്തിലുണ്ട്. 2025 നവംബറില്‍ ചിത്രം തിയേറ്ററിലെത്തും.

2024 ഒക്ടോബറിലാണ് ക്രിസ്റ്റി എന്ന ചിത്രത്തെ കുറിച്ച് സിഡ്നി ആദ്യമായി ആരാധകര്‍ക്ക് സൂചന നല്‍കുന്നത്. ശരീര ഭാരം കൂടിയതും റിംഗില്‍ പരിശീലനം നടത്തുന്നതുമായ ചിത്രങ്ങളാണ് അവര്‍ ആദ്യമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com