തമിഴ് സൂപ്പർതാരം ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'തേരെ ഇഷ്ക് മേൻ'. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സനോൻ ആണ് ധനുഷിന്‍റെ നായികയായി എത്തുന്നത്. ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രം നവംബർ 28നാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്‍റെ പ്രെമോഷന്‍റെ ഭാഗമായി ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണയം നഷ്ടമായവന്റെ മുഖമാണ് തനിക്കെന്നാണ് ധനുഷ് പറഞ്ഞത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ധനുഷിൻ്റെ രസകരമായ വാക്കുകൾ.
”പ്രണയം നഷ്ടമായവന്റെ മുഖമാണ് എനിക്ക്. ഹൃദയം തകർന്ന വ്യക്തിയുടെ മുഖം. ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങള്‍ക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങള്‍ക്കായി വിളിക്കുന്നതെന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അപ്പോള്‍ കൃതിയാണോ ആനന്ദാണോ ഇത് പറഞ്ഞതെന്ന് എനിക്ക് ഓർമയില്ല. പ്രണയം നഷ്ടമായവന്റെ മുഖമാണ് നിങ്ങള്‍ക്കെന്നായിരുന്നു മറുപടി. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ കണ്ണാടിയില്‍ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാന്‍. അതൊരു അംഗീകാരമായാണ് ഞാൻ കാണുന്നത്”, ധനുഷ്.
തേരേ ഇഷ്ക് മേനിലെ ശങ്കറിനെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ വളരെയധികം വെല്ലുവിളികളുണ്ട്. രാഞ്ജനയിലെ കുന്ദൻ ആയാലും അങ്ങനെ തന്നെയാണ്. കുന്ദനെ ചിലപ്പോള്‍ ഇഷ്ടപ്പെടാന്‍ കുറച്ച് പാടായിരിക്കും. എന്നാൽ ശങ്കറിനെ ഇഷ്ടപ്പെടാൻ വളരെ എളുപ്പമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ വെല്ലുവിളികളുണ്ട്. അതേക്കുറിച്ച് തനിക്കിപ്പോള്‍ കൂടുതലായൊന്നും പറയാന്‍ കഴിയില്ലെന്നും ധനുഷ് പറഞ്ഞു. ‘അത്രങ്കി രേ’, ‘രാഞ്ജന’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആനന്ദും ധനുഷും ഒന്നിക്കുന്ന സിനിമ കൂടിയാണ് തേരെ ഇഷ്‌ക് മേന്‍.