

ചെന്നൈ: തമിഴ് സിനിമയില്‍ വ്യത്യസ്തമായ പ്രമേയങ്ങളും സമീപനങ്ങളും കൊണ്ട് പ്രശസ്തനാണ് സംവിധായകന്‍ സെല്‍വരാഘവന്‍. പുതുപ്പേട്ടൈ, കാതല്‍ കൊണ്ടേന്‍, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ സെല്‍വരാഘവന്‍ സിനിമകള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസാണ് ഉള്ളത്. തിയേറ്ററില്‍ റിലീസ് ചെയ്ത സമയത്ത് പരാജയപ്പെട്ട 'ആയിരത്തില്‍ ഒരുവന്‍' വർഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകർ ഏറ്റെടുത്തത്. 2010ല്‍ കാർത്തിയെ നായകനാക്കി ഇറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. എന്നാല്‍, റിലീസ് സമയത്ത് ആഘോഷിക്കാതെ ഇപ്പോള്‍ ഏറ്റെടുത്തത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുകയാണ് സെല്‍വരാഘവന്‍.
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സെല്‍വരാഘവന്‍ മനസുതുറന്നത്. പ്രേക്ഷക പ്രതികരണങ്ങളോടുള്ള സമീപനം എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. 'കൊള്ളാമെങ്കില്‍ കൊള്ളാം, കൊള്ളില്ലെങ്കില്‍ കൊള്ളില്ല' എന്നാണ് തന്റെ എക്കാലത്തെയും സമീപനമെന്നും എന്നാല്‍ ആയിരത്തില്‍ ഒരുവന് ലഭിച്ച പ്രതികരണങ്ങള്‍ തന്നെ വിഷമിപ്പിച്ചുവെന്നും ആയിരുന്നു സംവിധായകന്റെ മറുപടി.
"തുടക്കകാലത്ത് എന്റെ വ്യക്തിജീവതത്തെപ്പറ്റിയൊക്കെ ആളുകള്‍ സംസാരിച്ചിരുന്നു. അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. പക്ഷേ, എന്നെ ഏറെ വിഷമിപ്പിച്ചത് ആയിരത്തില്‍ ഒരുവനെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റുകളാണ്. എന്തിനാണ് എല്ലാവരും ഇങ്ങനെ വ്യക്തിപരമായി കാണുന്നത് എന്ന് തോന്നി. സിനിമ സിനിമയാണ്. അതിന് കാരണം ഇന്നും എനിക്ക് അറിയില്ല. ഇന്നിപ്പോള്‍ അവർ ഈ സിനിമ ആഘോഷിക്കുന്നു. രണ്ടാം ഭാഗം വേണമെന്ന് പറയുന്നു. ഇപ്പോള്‍ അതൊക്കെ മനസിലാക്കിയിട്ട് എന്താ കാര്യം? ആ ഒരു സമയത്ത് മാത്രമാണ് എനിക്ക് വിഷമം തോന്നിയത്. ഇറങ്ങുന്ന സമയത്ത് സിനിമ ആഘോഷിക്കപ്പെടണം. ധാരാളം പേർ ഇതില്‍ പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ട് എട്ട് വർഷം കഴിഞ്ഞ് കൊണ്ടാടിയിട്ട് കാര്യമില്ല," സെല്‍വരാഘവന്‍ പറഞ്ഞു.
പ്രേക്ഷക നിരൂപക പ്രശംസ നേടിയ '7ജി റെയിന്‍ബോ കോളനി'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് സെല്‍വരാഘവൻ. ജി.വി. പ്രകാശ് നായകനായ 'മെന്റല്‍ മനദില്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങും സമാന്തരമായി നടക്കുന്നുണ്ട്. അഭിനേതാവായും സജീവമാണ് സംവിധായകന്‍. 'ആര്യന്‍' ആണ് വരാനിരിക്കുന്ന ചിത്രം. വിഷ്ണു വിശാൽ നായകനായെത്തുന്ന സിനിമ നവാഗതനായ പ്രവീൺ കെ ആണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 31 സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.