

കൊച്ചി: നവാഗതനായ ശിവകുമാർ മുരുഗേശൻ ഒരുക്കിയ 'തായ് കിഴവി' എന്ന കോമഡി ഡ്രാമയാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്ത് ചർച്ചാ വിഷയം. വലിയ പ്രൊമോഷനുകളില്ലാതെ നിശബ്ദമായി എത്തിയ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് സ്വന്തമാക്കിയത്. തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നിർമിച്ച ചിത്രത്തിൽ രാധിക ശരത്കുമാർ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഫെബ്രുവരി 27നാണ് 'തായ് കിഴവി' തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസ് ആയി ആദ്യ വാരം 23.95 കോടി രൂപയാണ് ആഗോള തലത്തിൽ സിനിമ കളക്ട് ചെയ്തത്. രണ്ടാം വാരവും 20 കോടിക്ക് മുകളിൽ സിനിമ സ്വന്തമാക്കി. 3.11 കോടി രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന ഗ്രോസ് കളക്ഷൻ. ഏകദേശം 10 കോടിക്ക് അടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം 25 ദിവസത്തിനുള്ളിൽ 75 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനാണ് നേടിയത്.
'പാവുനത്തായി' എന്ന പണമിടപാടുകാരിയായ വൃദ്ധയുടെ വേഷത്തിലാണ് രാധിക ശരത്‌കുമാർ ഈ സിനിമയിൽ എത്തിയത്. മികച്ച അഭിപ്രായമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ, ഇളവരസ്, ജോർജ് മരിയൻ, മുത്തുകുമാർ, റൈച്ചൽ റബേക്ക, ആത്താടി കുമരൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.
ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ. 'സെയ്യോൻ' എന്നാണ് ചിത്രത്തിന്റെ പേര്. കമൽ ഹാസന്റെ രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം - വിവേക് വിജയകുമാർ, എഡിറ്റർ - സാൻ ലോകേഷ്, കലാസംവിധായകൻ - ആർകെ നാഗു, കോസ്റ്റ്യൂം ഡിസൈനർ - കീർത്തി സമ്പത്ത്.