
കൊച്ചി: ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന വേടനുമായി തന്റെ പുതിയ ഗാനത്തില്‍ സഹകരിച്ചതിനെക്കുറിച്ച് വിശദീകരിച്ച് തമിഴ് റാപ്പർ അറിവ്. മാരി സെല്‍വരാജ് ചിത്രം 'ബൈസണ്‍ കാലമാടനി'ല്‍ ഇരുവരും ചേർന്ന് ഒരു ഗാനം ആലപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ തോതില്‍ വിമർശനങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണ് അറിവിന്റെ പ്രതികരണം.
രണ്ട് ദിവസം മുന്‍പാണ് 'ബൈസണ്‍ കാലമാടനി'ലെ വേടനും അറിവും ചേർന്ന് പാടിയ 'റെക്ക റെക്ക' എന്ന ഗാനം പുറത്തുവന്നത്. ഇതിന് പിന്നാലെ അറിവും സംവിധായകൻ മാരി സെൽവരാജും വേടനൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന വേടനുമൊത്ത് സഹകരിച്ചതും ഈ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആരോപണവിധേയന് തമിഴ് സിനിമയില്‍ വേദിയൊരുക്കിയതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു.
'ഒരു വ്യക്തിപരമായ, കലാപരമായ നിമിഷത്തിലാണ് ഫോട്ടോ പങ്കിട്ടത്' എന്നാണ് വിമർശനങ്ങള്‍ക്ക് അറിവ് നല്‍കിയ മറുപടി. വേടന് എതിരെ പരാതി ഉന്നയിച്ച സ്ത്രീ സ്വരങ്ങളെ ബഹുമാനിക്കുന്നതായും സത്യം ഉചിതമായ നടപടിക്രമങ്ങളിലൂടെ പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നതെന്നും അറിവ് കൂട്ടിച്ചേർത്തു.
മാരി സെല്‍വരാജിന് ഉള്‍പ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ തോതില്‍ വിമർശനങ്ങള്‍ ഉയർന്നതിന് പിന്നാലെയാണ് അറിവിന്റെ പ്രതികരണം. ബലാത്സംഗ കേസ് ഉൾപ്പെടെ നിരവധി ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന വേടനെ സിനിമയുടെ ഭാഗമാക്കിയതില്‍ പലരും നിരാശ പങ്കുവച്ചു. ഈ നിരാശ വിമർശനമായി, സമാനമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്കൊപ്പം പ്രവർത്തിച്ച സിനിമാ മേഖലയിലെ മറ്റുള്ളവരിലേക്കും വ്യാപിച്ചു.
റാപ്പർ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് എതിരെ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിന് ഈ വർഷം ആദ്യം വേടനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവ ഡോക്ടർ രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തതായും പരാതിയിൽ ആരോപിക്കുന്നു. ഇതിന് പുറമേ, രണ്ട് ഗവേഷ വിദ്യാർഥിനികളും വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍ വേടന്‍ മുന്‍കൂർ ജാമ്യത്തിലാണ്.