
ചെന്നൈ: വിവാഹമോചനത്തിന് പിന്നാലെ തമിഴ് ടെലിവിഷൻ നടി ശാലിനി നടത്തിയ ഡിവോഴ്സ് സെലിബ്രേഷൻ വാർത്തകളിൽ നിറയുന്നു. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനോടകം വൈറലായത്. "ജീവിതത്തിൽ 99 പ്രശ്നങ്ങൾ കാണും, പക്ഷെ ഭർത്താവ് അങ്ങനെയല്ല" എന്ന് എഴുതിയ ബോർഡും പിടിച്ച് ശാലിനി നിൽക്കുന്നതാണ് ചിത്രങ്ങളിൽ കാണുന്നത്.
ജീവിതത്തിലെ പുതിയൊരു അധ്യായം ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് ദാമ്പത്യ ജീവിതത്തിലെ വിവിധ ഗ്രൂപ്പ് ഫോട്ടോകൾ നടി കീറുന്നത് ഉൾപ്പെടെ കാണാനാകുന്നത്. ഡിവോഴ്സായ ഒരു യുവതിക്ക് ശബ്ദമില്ലെന്ന് തോന്നുന്നവർക്കുള്ള സന്ദേശമാണിതെന്നാണ് നടി ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.
"നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്. ഒരിക്കലും കുറവുള്ളത് എന്തിലെങ്കിലും തൃപ്തിപ്പെടരുത് എന്ന കാരണത്താൽ ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. നിങ്ങളുടെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുക. നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക," ശാലിനി കുറിച്ചു.
"വിവാഹ മോചനം ഒരിക്കലുമൊരു പരാജയമല്ല. ഇത് നിങ്ങൾക്കൊരു വഴിത്തിരിവാണ്. നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ വളരെയധികം ധൈര്യം ആവശ്യമാണ്. അതിനാൽ ധൈര്യശാലികളായ എല്ലാ വനിതകൾക്കും ഞാൻ ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു," ശാലിനി കൂട്ടിച്ചേർത്തു.
വിവാഹമോചനം ഇത്തരത്തിൽ ആഘോഷിക്കാനാകുന്നത് ശാക്തീകരണമാണെന്ന് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമൻ്റിടുന്നത്. 2020 ജൂലൈയിലാണ് ശാലിനി നടൻ റിയാസിനെ വിവാഹം കഴിച്ചത്.