
അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയായ എറാസ് ടൂര്‍ ബ്രിട്ടനില്‍ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (ബി.ജി.എസ്). സ്‌കോട്ട്‌ലാന്‍ഡിന്റെ തലസ്ഥാനമായ എഡന്‍ബര്‍ഗില്‍ വെച്ചാണ് മൂന്ന് ദിവസമായി എറാസ് ടൂര്‍ നടക്കുന്നത്. പരിപാടി നടന്ന സ്ഥലത്തുനിന്ന് 6 കിലോമീറ്റര്‍ അകലെ വരെ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 3 1/2 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടി കാണാനായി എത്തിയത് രണ്ടുലക്ഷത്തിലേറെ ആരാധകരാണ്. ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് പരിപാടി നടന്നത്. എറാസ് ടൂറിന്റെ ബ്രിട്ടണിലെ ആദ്യ പരിപാടിയായിരുന്നു ഇത്.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ റെപ്യൂട്ടേഷന്‍ എന്ന ആല്‍ബത്തിലെ റെഡി ഫോര്‍ ഇറ്റ്, ലവര്‍ എന്ന ആല്‍ബത്തിലെ ക്രുവല്‍ സമ്മര്‍, എവര്‍മോര്‍ എന്ന ആല്‍ബത്തിലെ ഷാംപെയിന്‍ പ്രോബ്ലംസ് എന്നീ ഗാനങ്ങള്‍ ആലപിച്ചപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിന് അനുസരിച്ച ചലനമുണ്ടായതെന്നാണ് ബി.ജി.എസ് പറയുന്നത്. റെഡി ഫോര്‍ ഇറ്റ് എന്ന ഗാനം ആലപിച്ചപ്പോള്‍ ഉണ്ടായ ആരാധകരുടെ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചുവെന്നും പറയുന്നു. ആരാധകരുടെ ആരവവും സംഗീത ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദവുമാണ് ഇത്തരത്തില്‍ ഭൂചലനത്തിന് സാമ്യമായ പ്രകമ്പനം ഉണ്ടാക്കുന്നത്.
ഇതാദ്യമായല്ല സ്വിഫ്റ്റിന്റെ എറാസ് ടൂര്‍ ഭൂകമ്പമുണ്ടാക്കുന്നത്. 2023ലായിരുന്നു ആദ്യ സംഭവം. 2023 ജൂലൈയില്‍ യുഎസിലെ സിയാറ്റലില്‍ നടന്ന എറാസ് ടൂറിലും ഭൂകമ്പത്തിന് സാമ്യമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.