സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന 'പര്‍ദ'; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവരാണ് പർദയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
Parda Movie
പർദ ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
Published on

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീണ്‍ കാണ്ട്രെഗുലയുടെ ചിത്രമാണ് പര്‍ദ. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്ന ചര്‍ച്ചക്ക് ചിത്രം വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കാം.

'സിനിമാ ബണ്ടി', 'ശുഭം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് 'പര്‍ദ' സംവിധാനം ചെയ്യുന്നത്. മുഖം 'പര്‍ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരന്‍ സുബ്ബുവായി എത്തുമ്പോള്‍ ദര്‍ശന രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടല്‍ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു എന്നും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്ന് മനസിലാക്കാം.

ഒരു സാധാരണ കഥ എന്നതിലുപരി, 'പര്‍ദ' സമൂഹത്തിന് ഒരു കണ്ണാടി കൂടിയാകും എന്നതിന് സംശയമില്ല. തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിര്‍ണ്ണയിച്ചുവരുന്ന ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ ചിത്രം വിമര്‍ശിക്കുന്നു. അതോടൊപ്പം, ഇത് പ്രതിരോധത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് മാറ്റങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ധൈര്യത്തിന്റെയും ആഘോഷം കൂടിയാകുകയാണ്.

വിജയ് ഡോണ്‍കട, ശ്രീനിവാസലു പി വി, ശ്രീധര്‍ മക്കുവ എന്നിവര്‍ ആനന്ദ മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ രാഗ് മയൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാര്‍ക്കറ്റിംഗും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും സ്റ്റോറീസ് സോഷ്യലിന്റെ ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു. ഈ വരുന്ന ഓഗസ്റ്റ് 22-ന് 'പര്‍ദ' തെലുങ്കിലും മലയാളത്തിലും ഒരേസമയം തിയറ്ററുകളില്‍ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com