
മാഡോക്ക് ഫിലിംസിന്റെ ഹൊറർ കോമഡി സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്ന് മാറ്റൊരു ചിത്രം കൂടി വരുന്നു. അയുഷ്മാന്‍ ഖുറാന നായകനാകുന്ന ഹൊറർ കോമഡി ചിത്രം 'തമ്മ'യുടെ ട്രെയ്‌ലർ റിലീസായി. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയേറ്റുകളില്‍ എത്തും.
സ്ത്രീ, ഭേഡിയാ, മൂഞ്ജിയ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മാഡോക്ക് ഫിലിംസ് മറ്റൊരു ഹൊറർ കോമഡി പുറത്തിറക്കുന്നത്. 'മൂഞ്ജിയ' എടുത്ത ആദിത്യ സർപോത്ദാർ ആണ് ചിത്രത്തിന്റെ സംവിധായകന്‍.നിരേൻ ഭട്ട്, സുരേഷ് മാത്യു, അരുൺ ഫലാര എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജനും 'സ്ത്രീ' സംവിധായകൻ അമർ കൗശിക്കും ചേർന്നാണ് നിർമാണം.
അയുഷ്മാൻ ഖുറാനയ്ക്ക് പുറമേ രശ്മിക മന്ദാന, നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, ഗീതാ അഗർവാള്‍, സത്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ 'യക്ഷസന്‍' എന്ന വില്ലർ റോള്‍ അവതരിപ്പിക്കുന്നത്. വാംപയറുകളുടെ ഇന്ത്യന്‍ പതിപ്പായ വേതാള്‍ ആണ് യക്ഷസന്‍. എന്നാല്‍ യക്ഷസന് കീഴില്‍ വേതാളങ്ങള്‍ മനുഷ്യരക്തം കുടിക്കാന്‍ ആരംഭിക്കുന്നു. ഇതിനിടയില്‍ ആയുഷ്മാന്‍ ഖുറാനയുടെ 'അലോക്' വാംപയറായി മാറുന്നതും അത് സൃഷ്ടിക്കുന്ന കോമഡികളുമാണ് സിനിമയുടെ ഇതിവൃത്തം.
ഈ വർഷത്തെ തന്റെ ഏറ്റവും വലിയ റിലീസ് എന്നാണ് 'തമ്മ'യെ ആയുഷ്മാന്‍ ഖുറാന വിശേഷിപ്പിച്ചത്. മാഡോക്ക് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമാണ് ഇതെന്ന സൂചനകള്‍ ട്രെയ്‌ലർ നല്‍കുന്നുണ്ട്. വരുൺ ധവാൻ അവതരിപ്പിച്ച ഭേഡിയയും, 'മൂഞ്ജിയ'യിലെ സത്യരാജിന്റെ എല്‍വിസ് കരീമിനെയും ട്രെയ്‌ലറില്‍ കാണാം.