
ചിയാന്‍ വിക്രം നായകാനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2024 ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുക. ചിത്രത്തിന്റെ നിര്‍മാതാവ് ജി ധനഞ്ജയന്‍ ഗലാറ്റയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ റിലീസ് തിയതി അറിയിച്ചത്.
കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ (കെജിഎഫ്) ചരിത്രത്തെയാണ് തങ്കലാനിലൂടെ പാ രഞ്ജിത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 2023ല്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2024 ജനുവരിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശും തങ്കലാനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 'തങ്കലാന്റെ പശ്ചാത്തല സംഗീതം പൂര്‍ത്തിയായി. ഏറ്റവും മികച്ച രീതിയില്‍ തന്നെ ഞാന്‍ ചെയ്തിട്ടുണ്ട്. എന്തൊരു സിനിമയാണിത്. ഞാന്‍ ഇതിനായി കാത്തിരിക്കുകയാണ്. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ട്രെയ്‌ലര്‍ ഉടന്‍ തന്നെ വരുന്നതായിരിക്കും. ഇന്ത്യന്‍ സിനിമ തങ്കലാന് വേണ്ടി റെഡിയായിരിക്കുക.', എന്നാണ് ജി.വി പ്രകാശ് കുറിച്ചത്.
അതേസമയം തങ്കലാന്റെ ട്രെയ്‌ലര്‍ ജൂലൈയില്‍ പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് തങ്കലാന്‍ നിര്‍മിച്ചിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, മാളവിക മോഹന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.