'സാധാരണക്കാരനായ ലാലേട്ടനാണ് L360യിലുള്ളത്'; തരുണ്‍ മൂര്‍ത്തി അഭിമുഖം

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍
'സാധാരണക്കാരനായ ലാലേട്ടനാണ് L360യിലുള്ളത്'; തരുണ്‍ മൂര്‍ത്തി അഭിമുഖം
Published on

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത L360യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. നവംബര്‍ 8ന് ചിത്രത്തിന്റെ പേര് അടങ്ങുന്ന അപ്‌ഡേറ്റ് പുറത്തുവരുകയും ചെയ്യും. തുടക്കം മുതലെ ഹൈപ്പുള്ള ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തി ന്യൂസ് മലയാളത്തോട് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചും L360യെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്.

99 ദിവസവും സംതൃപ്തിയുള്ളതായിരുന്നു

ഓരോ ദിവസവും നമുക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റുകളാണ്. ലെജന്‍ഡ്രിയായിട്ടുള്ള മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടന്‍, ശോഭന എന്ന് പറഞ്ഞ നടി. ഇവരുടെ കൂടെ ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുക. ഇവര്‍ നമ്മള്‍ എഴുതിയ കഥാ സന്ദഭങ്ങള്‍ അവര്‍ ചെയ്യുന്നത് കാണാന്‍ സാധിക്കുക എന്നത് ഭയങ്കര സറിയല്‍ വേള്‍ഡ് ആയിരുന്നു എന്നെ സംബന്ധിച്ചെടുത്തോളം ഈ 99 ദിവസം. അതിപ്പോള്‍ എന്റെ കൂടെയുള്ള എല്ലാവര്‍ക്കും ഡയറക്ഷന്‍ ടീമിനായാലും കോ റൈറ്റര്‍ സുനിലേട്ടനായാലും രഞ്ജിത്ത് ഏട്ടനായാലും ഒക്കെ നമ്മള്‍ ഇതിന്റെ ഏറ്റവും ഗ്രൗണ്ടഡായിട്ടുള്ള ഫോമില്‍ ഈ സിനിമ കണ്ടതാണ്. ഈ സ്‌ക്രിപ്റ്റിന്റെ സീന്‍ ഒന്നുമുതല്‍ കണ്ടുതുടങ്ങിയതാണ്. അപ്പോള്‍ അതിങ്ങനെ ഓരോ സീനുകള്‍ എഴുതുമ്പോഴും നമ്മുടെ ഒക്കെ മനസില്‍ ഇതിങ്ങനെയായിരിക്കും വരാന്‍ പോകുന്നതെന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്തോ പ്രതീക്ഷയ്ക്ക് മുകളിലോ ഒക്കെയുള്ള രീതിയില്‍ സീനുകള്‍ ഉണ്ടായി വരുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന എക്‌സൈറ്റ്‌മെന്റുകളായിരുന്നു. എല്ലാ ദിവസവും നമുക്ക് ഷൂട്ട് കഴിഞ്ഞ് കടന്നുറങ്ങമ്പോള്‍ ഭയങ്കര സാറ്റിസ്ഫാക്ഷന്‍ ഉള്ള ദിവസങ്ങളായിരുന്നു ഈ 99 ദിവസവും.



ചെറുപ്പത്തില്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളത് ലാലേട്ടന്റെ സിനിമകള്‍ മാത്രമാണ്

എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞ് ആദ്യമായി പോയി കാണുന്ന സിനിമ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' ആണ്. പിന്നീട് അച്ഛനൊക്കെ കടുകട്ടിയായുള്ള മോഹന്‍ലാല്‍ ഫാന്‍ ആണ്. അവരുടെ ഒക്കെ യൗവനവും അല്ലെങ്കില്‍ ഇപ്പോഴത്തെ ജീതങ്ങളിലുമൊക്കെ അവര്‍ തിയേറ്ററുകളില്‍ കാണാന്‍ ഫസ്റ്റ് പ്രിഫറന്‍സ് കൊടുത്തിരുന്ന സിനിമ എന്ന് പറയുന്നത് മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നീ പേരുകളായിരുന്നു. അതുകൊണ്ട് എന്റെയും ചെറുപ്പത്തില്‍ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളത് ലാലേട്ടന്റെ സിനിമകള്‍ മാത്രമാണ്. അതുകൊണ്ട് എനിക്ക് ഓര്‍മ്മയില്‍ ഒരുപാട് രസിച്ചിട്ടുള്ള മോഹന്‍ലാല്‍ സിനിമകളുടെ മുഹൂര്‍ത്തങ്ങളുണ്ട്. ചന്ദ്രലേഖയായാലും കാക്കക്കുയില്‍ ആയാലും ഇതൊക്കെ മിസ് ആക്കാതെ തിയേറ്ററില്‍ തന്നെ കാണണം എന്ന് പറഞ്ഞ് പോയി കണ്ടിട്ടുള്ള ഒരു അനുഭവം ഉണ്ടെനിക്ക്. പിന്നെ അത് മാത്രമല്ല, ഞാന്‍ സിനിമയിലേക്ക് തിരിയണമെന്ന് വിചാരിച്ച സമയത്തൊക്കെ എനിക്ക് അച്ഛന്‍ തന്ന ഉപദേശങ്ങളിലൊക്കെ ശ്രീനിവാസന്‍ സാറിന്റെ തിരക്കഥകള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. അന്നും മോഹന്‍ലാല്‍ എന്ന നടനെ ഒരു മോട്ടിവേഷനായി സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഞാന്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമ ഒരു കാലത്ത് സംവിധാനം ചെയ്യുമെന്ന് നമ്മുടെ സ്വപ്‌നത്തില്‍ പോലുമില്ല. ഇത് അങ്ങനെ യൂണിവേഴ്‌സ് കൊണ്ട് തന്നൊരു സബ്ജക്റ്റാണ്.



പിന്നെ ഞാന്‍ ലാലേട്ടനെ അങ്ങനെ കണ്ടിട്ടില്ല. ഞാന്‍ ആകെ കണ്ടിട്ടുള്ളത് ഒരു പരിപാടിക്കാണ്. അപ്പോഴും പരിചയപ്പെട്ടിട്ടില്ല സംസാരിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്‌ക്രിപ്റ്റ് പറയാനായി പോയിരിക്കുന്ന അന്ന് മുതല്‍ അതിന്റെ സെക്കന്റ് ഡ്രാഫ്റ്റ് റീഡിങ്ങ് മുതല്‍ അല്ലെങ്കില്‍ പൂജയുടെ അന്ന്, സ്‌ക്രിപ്റ്റിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് വായിക്കാനായി കൊടുക്കുന്ന അന്ന് എല്ലാം ഞാന്‍ ഇരിക്കുന്നത് എന്റെ അച്ഛനും അമ്മയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കില്‍ എന്നെ ഒരുപാട് മുന്നോട്ട് നയിച്ചിരുന്ന, അറിഞ്ഞോ അറിയാതെയോ നമുക്കൊക്കെ ഒരു തോള്‍ ചെരിവുണ്ടല്ലോ ഇപ്പോഴും അല്ലെങ്കില്‍ ചിരിക്കുമ്പോഴും അഭിനയിക്കുമ്പോഴും ലാലേട്ടനെ പോലെയുണ്ട് എന്നൊക്കെ പറയുന്ന നമുക്ക് ഐഡിയല്‍ ആയൊരു മനുഷ്യനെ അടുത്തറിയാന്‍ പറ്റുക, അടുത്ത് നില്‍ക്കാന്‍ പറ്റുക, സംസാരിക്കാന്‍ പറ്റുക, thankful ആവുക, greatful ആവുക , grattitude ആവുക എന്നൊക്കെ പറയുന്ന ഒരുപാട് ഇമോഷന്‍സിലൂടെ കടന്ന് പോയതിനെയാണ് ഈ ഫാന്‍ ബോയി മൊമന്റ് എന്ന് പറഞ്ഞത്. ചെറുപ്പം മുതലെ നമ്മള്‍ ഐഡിയലായി കണ്ടിരുന്ന ഒരു മനുഷ്യന്‍ നമ്മുടെ ഫ്രെയിമിനും ആക്ഷനും കട്ടിനും ഇടയില്‍ വന്ന് ചെയ്തിട്ട് പോകുന്നു എന്നുള്ളത് തന്നെയായിരുന്നു മൊമന്റ്.


L360 അതിഭീകര വലുപ്പമുള്ള സിനിമയല്ല

L360 ഒരു ഫാമിലി ഓറിയന്റഡ് സബ്ജക്റ്റാണ്. ഫാന്‍സിന്റെ പ്രതീക്ഷയിലും എഴുത്തുകളിലുമൊക്കെ ഈ സിനിമ 99 ദിവസം ഷൂട്ട് ചെയ്തു എന്ന് പറയുമ്പോള്‍ അതിലെന്തോ ഭീകരമായി ഒളിപ്പിക്കാനുണ്ട് എന്നൊരു തോന്നല്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇത് അങ്ങനെ ഒളിപ്പിച്ച് വെക്കേണ്ട സിനിമയൊന്നുമല്ല. ഞാന്‍ എന്റെ ചെറുപ്പകാലങ്ങളില്‍ കണ്ടിട്ടുള്ള ഒരു ലാലേട്ടനുണ്ട്. അതില്‍ ലാലേട്ടനെ എങ്ങനെയാണ് പ്രസെന്റ് ചെയ്യേണ്ടത്, ലാലേട്ടന്‍ എന്തൊക്കെ ചെയ്യുന്നതാണ് ഇഷ്ടം എന്നൊക്കെ പറയുന്ന എന്റെ ഉള്ളില്‍ കിടക്കുന്ന ഒരുപാട് ഇമോഷണല്‍ വിഷ്വല്‍സുണ്ട്. അല്ലെങ്കില്‍ ഒരു ഫാന്‍ ബോയ് വിഷ്വല്‍സുണ്ട്. അതിനെ കൃത്യമായി അടയാളപ്പെടുത്തുക എന്നുള്ളതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. അതിനകത്ത് ഫൈറ്റോ തമാശയോ ഇമോഷന്‍സോ എന്നുള്ളതല്ല. ആ സിനിമയ്ക്ക് ആ തിരക്കഥ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഇത് മോഹന്‍ലാല്‍ എന്ന് പറയുന്ന നടനെ ഞാന്‍ ആഗ്രഹിച്ച പോലെ യൂസ് ചെയ്യാന്‍ പറ്റുന്ന എല്ലാ ചേരുവകളും ഉള്ള സിനിമയാണെന്ന ഫീല്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമ അങ്ങനെ പ്രസന്റ് ചെയ്തു എന്നെയുള്ളൂ. 99 ദിവസം ഷൂട്ട് ചെയ്തു എന്നുള്ളത് കൊണ്ട് ഇത് അതിഭീകരമായ വലിപ്പമുള്ള സിനിമയാണെന്നല്ല ഞാന്‍ പറയുന്നത്. എന്റെ ഇമോഷന്‍സിനെ വലിപ്പം വെപ്പിച്ച അല്ലെങ്കില്‍ എന്റെ കൂടെയുള്ള ഡയറക്ഷന്‍ ടീമിനെയോ റൈറ്ററിനെയോ ഒക്കെ എക്‌സൈറ്റ് ചെയ്യിക്കുന്ന മൊമന്റുകളുള്ള ഒരു സിനിമ. അതിന് മോഹന്‍ലാല്‍ എന്ന് പറയുന്ന ഫാക്ടര്‍, L എന്ന് പറയുന്ന ഫാക്ടറിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പറ്റിയിട്ടുണ്ടെന്ന് വിചാരിക്കുന്നു.

മോഹന്‍ലാല്‍ സിനിമ ഞാന്‍ ചെയ്യുമ്പോള്‍ അങ്ങനെയൊരു പേര് വന്നാല്‍ കൊള്ളാമെന്ന് തോന്നുന്നു

ഭയങ്കര സസ്പന്‍സ് ആയി ഒളിപ്പിച്ച് വെക്കണം എന്നൊന്നും കരുതിയ ഒരു പേര് അല്ല ഈ സിനിമയ്ക്കുള്ളത്. വളരെ യാദൃശ്ചികവശാല്‍ അങ്ങനെ ആയിപ്പോയതാണ്. ഞങ്ങള്‍ ലാലേട്ടന്റെ പിറന്നാളിന്റെ അന്ന് പേര് പ്രഖ്യാപിക്കാമെന്ന് തീരുമാനിച്ച സമയത്ത് എമ്പുരാന്റെ ഒരു അപ്‌ഡേറ്റുണ്ടെന്ന് നമ്മളോട് പറഞ്ഞു. ഒരേ സമയത്ത് രണ്ട് പടങ്ങളുടെ അപ്‌ഡേറ്റ് വേണ്ടെല്ലോ എന്ന് ഓര്‍ത്തിട്ടാണ് ഞങ്ങള്‍ അന്ന് ബാക്ക്ഔട്ട് ആയത്. പിന്നീട് ഷൂട്ട് പെട്ടന്ന് തന്നെ തീരും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയത്. അപ്പോഴാണ് എമ്പുരാന്റെ ഗുജറാത്തിലെ ഷെഡ്യൂള്‍ മഴകാരണം നീണ്ടു പോയത്. അതുകൊണ്ട് മാത്രമാണ് പിന്നെയും നമ്മള്‍ കുറച്ച് കൂടി മുന്നോട്ട് നീങ്ങിയത്. പിന്നെ അതിനിടയില്‍ സിനിമയ്ക്കും അത്ര നല്ല കാലമായിരുന്നില്ല. ഒരുപാട് മോശമായ അവസ്ഥയിലൂടെ മലയാള സിനിമയും കടന്നു പോകുന്ന സാഹചര്യത്തില്‍ ബാക്കൗട്ട് ചെയ്യേണ്ട ഒരു അവസ്ഥ ഞങ്ങള്‍ക്കുണ്ടായി. പിന്നെ ഞങ്ങളുടെ കൂട്ടത്തിലെ വളരെ വേണ്ടപ്പെട്ട ഒരാള്‍ ഞങ്ങളില്‍ നിന്നും അകന്ന് പോയി. അതെല്ലാം സിനിമയുടെ പേര് പുറത്തുവിടുന്നതില്‍ നിന്ന് ഞങ്ങളെ പതിയെ പതിയെ മാറ്റി മാറ്റി കൊണ്ടുപോയി. അല്ലാതെ ഒരിക്കലും വലിയൊരു സസ്പന്‍സ് ആയിട്ടോ നിഗൂഢമായിട്ടോ ഒന്നും വെച്ചതല്ല. അത് എന്നിലേക്ക് ലാലേട്ടന്റെ ഒരു പ്രൊജക്ട് വന്നത് പോലെ തന്നെ സിനിമയുടെ പേരും യൂണിവേഴ്‌സ് ഇങ്ങനെ പതിയ പതിയ മാറ്റി കൊണ്ടുപോയതാണെന്ന് വിചാരിക്കുന്നു. നവംബര്‍ എട്ടിന് സിനിമയുടെ പേര് പുറത്തുവിടണമെന്ന് വിചാരിക്കുന്നു. അത് അങ്ങനെ അതിഭയങ്കരമായ സസ്‌പെന്‍സോ വിശേഷണങ്ങളോ ഉള്ള പേരൊന്നുമല്ല. എനിക്ക് ഒരു മോഹന്‍ലാല്‍ സിനിമ ഞാന്‍ ചെയ്യുമ്പോള്‍ അങ്ങനെയൊരു പേര് വന്നാല്‍ കൊള്ളാമെന്ന് തോന്നുന്നു. അങ്ങനെയൊരു പേരാണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. അത് എട്ടാം തീയതി പ്രെസന്റ് ചെയ്യും.

ബിനു ചേട്ടനുമായുള്ള ബന്ധം ജാവ മുതല്‍ തുടങ്ങിയതാണ്

ഓപ്പറേഷന്‍ ജാവ മുതല്‍ എനിക്കൊപ്പമുള്ള ഒരു പറ്റം ആളുകളുണ്ട്. സൗദി വെള്ളക്കയിലേക്ക് എത്തിയപ്പോള്‍ അക്കൂട്ടത്തിലേക്ക് വന്ന് കയറിയ മറ്റുചില ആളുകളുണ്ട്. ആ രണ്ട് സിനിമകളുടെയും ഒരു കോമ്പിനേഷനാണ് L360യില്‍ വന്നിരിക്കുന്നത്. ഇതില്‍ ബിനു പപ്പുവാണ് എന്റെ കോ ഡയറക്ടറായി കൂടെയുള്ളത്. ബിനു ചേട്ടനുമായുള്ള ബന്ധം ജാവ മുതല്‍ തുടങ്ങിയതാണ്. ജാവയില്‍ നടനായിട്ട് വന്ന ആളാണ്. സൗദി വെള്ളക്കയില്‍ ഇതുപോലെ തന്നെ എന്റെ കോ ഡയറക്ടര്‍ സ്ഥാനത്തേക്ക് വന്ന ആളാണ്. ഇപ്പോള്‍ L360 ചെയ്യുമ്പോള്‍ ബിനു ചേട്ടനെ ഞാന്‍ വിളിച്ചിരുന്നു. 'ചേട്ടാ ചേട്ടനൂടെ വേണം', എന്ന് പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ വന്നു. അത് അത്ര നിസാര കാര്യമല്ല. പുള്ളിയെ സമ്മതിച്ചിടത്തോളം അഭിനയത്തില്‍ ഒരുപാട് സിനിമകള്‍ ഉള്ള ആളാണ്. ഒരുപാട് സിനിമകള്‍ കമ്മിറ്റ് ചെയ്ത ആളാണ്. സംവിധാനം എന്ന് പറയുമ്പോള്‍ അത് ഒരുപാട് ദിവസത്തെ ടെന്‍ഷനും പ്രെഷറും ഒക്കെ ഉള്ള ഒരു പരിപാടിയാണ്. അപ്പോള്‍ പല സിനിമകളും വേണ്ട എന്നൊക്കെ വെച്ചിട്ടായിരിക്കും ഇതിലേക്ക് വന്നിട്ടുണ്ടാവുക.ബിനു ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ള ഒരു സുഖമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ചകള്‍ ചെയ്തുമൊക്കെ, എനിക്ക് കൂടുതല്‍ ടെന്‍ഷന്‍ തരാതെ, ഞാന്‍ കാണുന്ന വിഷ്വല്‍സിനെ മുന്നേകൂട്ടികണ്ട് അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന് പറയുമ്പോള്‍ ബിനു ചേട്ടന്‍ തരുന്ന ഒരു കോണ്‍ഫിഡന്‍സ് വലുതാണ്. പിന്നെ അങ്ങനെ ഒരുപാട് ആളുകളുണ്ട്. മോഹിത്ത്, സനു എന്നൊക്കെ പറയുന്ന ആളുകള്‍ ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ തൊട്ട് എന്റെ കൂടെയുണ്ട്. സീന്‍ ഒന്നുമുതല്‍ സീന്‍ 92 വരെ ഇതിനെ വളര്‍ത്തുന്ന സമയത്തെല്ലാം തന്നെ എന്റെ ഡയറക്ഷന്‍ ടീം കൂടെയുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ഇതിന് വേണ്ടിയുള്ള സജീകരണം ഒരുക്കുന്നതിലും എന്റെ മനസ് കാണുന്നതിലും ഒക്കെ അവര്‍ക്ക് ഇതെല്ലാം കുറച്ചുകൂടെ എളുപ്പമാണ്.



പ്രൊഫഷണല്‍ രീതിയില്‍ നിന്ന് മാറി കുറച്ചുകൂടെ പേഴ്‌സണല്‍ രീതിയിലാണ് ഞങ്ങള്‍ ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ഡയറക്ഷന്‍ ടീം തന്നെയാണ് കഴിഞ്ഞ രണ്ട് സിനിമകളുടെയും സ്‌ട്രെങ്ത്ത്. ഇപ്പോഴും ഒരു കുടുംബം പോലെ തന്നെയാണ് അവരെ കാണുന്നതും മുന്നോട്ട് പോവുകയും ചെയ്യുന്നത്. ഒരു കൂരയ്ക്കുള്ളില്‍ ഒരുമിച്ചിരുന്ന്, ചര്‍ച്ച ചെയ്ത് ലാലേട്ടനെയും ശോഭന മാമിനെയും എങ്ങനെ യൂസ് ചെയ്യാം, കുറേ മെറ്റഫേഴ്‌സും റെഫറന്‍സുകളും കൊണ്ടുവരാമെന്നൊക്കെ പറയുന്ന കൂട്ടമായ ചര്‍ച്ചകളും പിന്നെ അവസാനം നമ്മള്‍ തീരുമാനത്തിലേക്ക് എത്തുന്നു. പിന്നെ ഈ സിനിമ ലാലേട്ടന്‍ ചെയ്യാമെന്ന് പറഞ്ഞ് 40 ദിവസത്തിനുള്ളിലാണ് ഈ സിനിമ ചിത്രീകരണം ആരംഭിക്കുന്നത്. എല്ലാവര്‍ക്കും 40 ദിവസത്തില്‍ എങ്ങനെ ഈ പടം ചിത്രീകരണം തുടങ്ങി, തട്ടിക്കൂട്ട് പടമാണോ എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ അങ്ങനെയല്ല.

ഞങ്ങള്‍ ഇതിന്റെ തിരക്കഥ എഴുതുന്ന സമയം മുതല്‍ തന്നെ ഡയറക്ഷന്‍ ടീം എനിക്കൊപ്പമുണ്ട്. ഞാന്‍ ഒരു 10 സീന്‍ എഴുതിയിട്ട് വായിക്കാന്‍ കൊടുത്ത്, അവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് റീവര്‍ക്ക് ചെയ്യുകയുമെല്ലാം ചെയ്തതു കൊണ്ട് തന്നെയാണ് പ്രീ പ്രൊഡക്ഷന്‍ അത്രയും എളുപ്പമായത്. എഴുത്തിന്റെ സമയം മുതലെ ഇതിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. എന്തൊക്കെ ചെയ്യാമെന്ന ചര്‍ച്ചകള്‍ അന്നേ ഉണ്ടായിരുന്നതുകൊണ്ട് ക്ലാരിറ്റി ഉണ്ടായിരുന്നു. പിന്നെ അതിനൊപ്പം ഷാജി കൂമാര്‍ എന്ന് പറയുന്ന 57ഓളം സിനിമകള്‍ ചെയ്തിട്ടുള്ള ഷാജി ചേട്ടന്‍ കൂടി വരുന്നതോട് കൂടി നമുക്ക് വര്‍ക്ക് ലോഡ് കുറയുകയാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചയും നമ്മുടെ കാഴ്ച്ചയും കൂടേ ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു മിക്‌സ് ഉണ്ട്. ഷാജി ചേട്ടനെ ഒരു ക്യാമറ മാന്‍ എന്ന് വിശേഷിപ്പിക്കുന്നതിന് ഉപരി ഷാജി ചേട്ടന്‍ എന്റെ ഡയറക്ഷന്‍ മൈന്‍ഡില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. ടീം ഇതാണ്, ബിനു ചേട്ടനാണ് കോ ഡയറക്ടര്‍, പ്രകാശ് മധുവാണ് ചീഫ് അസോസിയേറ്റ്, ശംഭുവാണ് അസോസിയേറ്റ് പിന്നെ ഒരു പറ്റം സിനിമ മോഹികള്‍ കൂടിയുണ്ട്.

മുണ്ടുമടക്കി കുത്തി നെട്ടോട്ടമോടുന്ന ലാലേട്ടന്‍

ലാലേട്ടനോട് സംസാരിക്കുമ്പോഴും അല്ലെങ്കില്‍ ലാലേട്ടനോട് ചുറ്റിപറ്റി നില്‍ക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും ഒക്കെ എമ്പുരാന്‍ കൊടുക്കുന്ന ഒരു കോണ്‍ഫിഡന്‍സും എമ്പുരാന് വേണ്ടി എടുക്കുന്ന എഫേര്‍ട്ടും ഒക്കെ ഭയങ്കര വലുത് തന്നെയാണ്. അത് ഇന്നേവരെ മലയാള സിനിമ കാണാത്ത സ്‌കെയിലില്‍ ഒക്കെയാണ് അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ ഒരിക്കലും L360 അങ്ങനെ വലിയൊരു സ്‌കെയില്‍ ഡിഫ്രന്‍സ് ഉണ്ടാകാവുന്ന സിനിമയല്ല. ഇത് വളരെ ഗ്രൗണ്ടഡ് സിനിമയാണ്. മോഹന്‍ലാല്‍ എന്ന് പറയുന്ന ഒരാള്‍ സാധാരണക്കാരനായി മുണ്ട് മടക്കിക്കുത്തി നാട്ടിന്‍പുറങ്ങളിലൂടെ നടക്കുന്നു, ഡ്രൈവ് ചെയ്ത് പോകുന്നു, സാധാരണക്കാരുടെ ഇടയിലൂടെ നടക്കുന്നു, തമാശകള്‍ പറയുന്നു എന്നൊക്കെ പറയുന്ന തരത്തിലാണ് സിനിമയിലുള്ളത്. പണ്ട്, 'സന്മനസുള്ളവര്‍ക്ക് സമാധാനവും', മിഥുനവും അങ്ങനെയൊക്കെയുള്ള സിനിമകള്‍ കണ്ടിട്ടുള്ള റെഫറന്‍സിലാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്. അതിലൊക്കെ നമ്മള്‍ കണ്ടിട്ടുള്ള നിസഹായനായ ലാലേട്ടന്‍ ഉണ്ടല്ലോ. ഇപ്പോള്‍ മിഥുനത്തില്‍ കണ്ടിട്ടുള്ള മോഹന്‍ലാല്‍. അല്ലെങ്കില്‍ നെട്ടോട്ടമോടുന്ന ലാലേട്ടന്‍ അതൊക്കെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.

അപ്പോള്‍ എമ്പുരാനും L360ക്കും അതിന്റെ വ്യത്യാസങ്ങളുണ്ട്. എമ്പുരാന്റെ സ്‌കെയിലില്‍ അല്ല ഞങ്ങള്‍ ഈ സിനിമ ചെയ്തത്. പക്ഷെ ഈ സിനിമയ്ക്ക് ഈ സിനിമയുടേതായൊരു സ്‌കെയിലുണ്ട്, വലുപ്പമുണ്ട്. പിന്നെ ലാലേട്ടന്‍-ശോഭന എന്നു പറയുന്ന ഒരു കോമ്പിനേഷന്റെ ഒരു ഫ്രഷ്‌നസ് ഉണ്ടാകും. അതൊക്കെയാണ് നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്നത്. എന്തായാലും മോഹന്‍ലാലിന്റെ ഒരു സിനിമ ചെയ്യുമ്പോള്‍, അതിലേക്ക് ശോഭന മാം കൂടെ ചേരുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ടാകും. എനിക്ക് ടെന്‍ഷന്‍ ഇല്ല. പക്ഷെ ആളുകള്‍ ഇത് 99 ദിവസം ഷൂട്ട് ചെയ്തത് കൊണ്ട് മാസ് പടമായിരിക്കുമെന്നും പ്രതീക്ഷിക്കാവുന്നതിന് അപ്പുറമുള്ള എന്തൊക്കെയോ ഉണ്ടെന്ന ചിന്തയെല്ലാം ചിലപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കും. ഒരു സാധാരണക്കാരനായിട്ടുള്ള വളരെ ഗ്രൗണ്ടഡ് ആയിട്ടുള്ള നമ്മുടെ ഒക്കെ പോലെ നമ്മുടെ എല്ലാം കൂട്ടത്തിലുള്ള ഒരു മനുഷ്യനായിട്ടുള്ള ഒരു ലാലേട്ടനെ കാണാന്‍ വന്നാല്‍ അതിന്റെതായ രീതിയില്‍ ആസ്വദിക്കാം. എമ്പുരാന്‍ എന്ന് പറയുന്നത് ഫസ്റ്റ് പാര്‍ട്ട് ആദ്യമെ വന്നതാണ്. ഫസ്റ്റ് പാര്‍ട്ടില്‍ എന്താണ് ആ കഥാപാത്രമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അത് വേറൊരു രീതിയിലാണ് കാണേണ്ടത്. ഇത് നമ്മളെ ഒക്കെ ഇഷ്ടപ്പെടുത്തുന്ന, നമ്മള്‍ക്കൊക്കെ ചെറിയ സങ്കടങ്ങളും ചിരികളും നോവുകളും എല്ലാം തരുന്ന ഒരു സാധാരണക്കാരന്‍. അതിന് അപ്പുറത്തേക്ക് ചിന്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏക്കില്ല. അതിന് അപ്പുറത്തേക്ക് ഞാന്‍ ആര്‍ക്കും വാക്കുകളും കൊടുത്തിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com