
മലയാള സിനിമയുടെ നിത്യഹരിത നായിക ജയഭാരതിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലും മലയാള സിനിമ വെള്ളിത്തിരയില്‍ മിന്നിമറയുന്ന കാലത്ത് സൂപ്പര്‍താര നായിക പദവിയിലേക്കുള്ള ജയഭാരതിയുടെ വളര്‍ച്ച അവിശ്വസനീയമാണ്. പ്രേംനസീറും സത്യനും ജയനുമൊക്കെ നായകന്‍മാരായി താരസിംഹസാനമേറിയപ്പോള്‍ ഷീലക്കും ശാരദക്കുമൊപ്പം ജയഭാരതിയും ആ നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. മലയാളികളുടെ സ്ത്രീസൗന്ദര്യ സങ്കല്‍പ്പങ്ങളുടെ വെള്ളിത്തിരയിലെ പ്രതിരൂപമായിരുന്ന ജയഭാരതിക്ക് സപ്തതിയിലും എഴുപതിന്‍റെ ചെറുപ്പം.
പി.ജി ശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂണ്‍ 28ന് കൊല്ലം തേവള്ളി ഓലയില്‍ തൂമ്പുവടക്കേല്‍ വീട്ടിലായിരുന്നു ലക്ഷ്മി ഭാരതിയെന്ന ജയഭാരതിയുടെ ജനനം. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് താമസം മാറി. നൃത്തത്തില്‍ അതിനിപുണയായ ജയഭാരതിയ്ക്ക് മുന്നില്‍ സിനിമയുടെ വാതില്‍ തുറക്കപ്പെട്ടു. ആദ്യ സിനിമയായ ശശികുമാറിന്‍റെ പെണ്‍മക്കളില്‍ അഭിനയിക്കുമ്പോള്‍ ജയഭാരതിയ്ക്ക് പ്രായം 13 വയസ്.
ഷീലയും ശാരദയുമൊക്കെ പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ അവരുടെ ഇളയ സഹോദരിയുടെ റോളിലായിരുന്നു ജയഭാരതി അഭിനയിച്ചത്. അന്ന് നായകനായി അഭിനയിച്ച പ്രേംനസീറിനൊപ്പം പില്‍ക്കാലത്ത് എത്രയെത്ര സിനിമകളിലാണ് ജയഭാരതി കാമുകിയായും ഭാര്യയായുമൊക്കെ അഭിനയിച്ചത്.
പി.ഭാസ്കരന്‍ സംവിധാനം ചെയ്ത 'കാട്ടുകുരങ്ങ്' എന്ന സിനിമ ജയഭാരതിയുടെ അഭിനയത്തിലെ വഴിത്തിരിവായി. ഷീലയിലും ശാരദയിലും കേന്ദ്രീകൃതമായിരുന്ന മലയാള സിനിമയിലെ നായികാനിരയിലേക്ക് ജയഭാരതിയുടെ പേരും എഴുതിചേര്‍ക്കപ്പെട്ടു. പ്രായം 19 പിന്നിടുമ്പോള്‍ തന്നെ 100 സിനിമകളില്‍ ജയഭാരതി അഭിനയിച്ചിരുന്നു. കേവലം അഞ്ച് വര്‍ഷം കൊണ്ടായിരുന്നു ഇത്രയധികം സിനിമകളില്‍ ജയഭാരതി അഭിനയിച്ചത്.
കഥാപാത്രത്തിന്‍റെ മാനസിക സംഘര്‍ഷങ്ങളെ ക്ഷണനേരം കൊണ്ട് വെള്ളിത്തിരയിലേക്ക് ആവാഹിക്കാന്‍ കഴിയുന്ന ജയഭാരതിയുടെ അഭിനയ വൈഭവത്തിന്‍റെ ആരാധകരായിരുന്നു അന്നത്തെ സിനിമാ പ്രവര്‍ത്തകരിലേറെയും. പതിനഞ്ചു വർഷത്തോളം മലയാളസിനിമയിൽ നായിക നടി ആയി നിലനിന്നു അവർ. ഇക്കാലയളവിൽ പ്രേംനസീർ, മധു ,ജയൻ, സോമൻ, വിൻസെന്റ്, രജനീകാന്ത്, കമലഹാസൻ എന്നിവരുടെയെല്ലാം നായികയായി മലയാള സിനിമയിലും തമിഴ് സിനിമയിലും ജയഭാരതി അഭിനയിച്ചു.
1978-ല്‍ ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിലിറങ്ങിയ രതിനിര്‍വേദം ജയഭാരതിയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലായി മാറി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 350-ൽ അധികം സിനിമകളിൽ ജയഭാരതി അഭിനയിച്ചിട്ടുണ്ട്. ചില മിനിസ്ക്രീന്‍ പരമ്പരകളിലും ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ലാല്‍ നായകനായി 2002-ല്‍ പുറത്തിറങ്ങിയ ഒന്നാമനിലാണ് ജയഭാരതി അവസാനമായി അഭിനയിച്ചത്. വിവിധ സിനിമകളിലെ അഭിനയത്തിന് 1972- ലും മാധവിക്കുട്ടിയിലെ അഭിനയത്തിന് 1973- ലും ജയഭാരതിയ്ക്ക് മികച്ചനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1991 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത മറുപക്കം എന്ന തമിഴ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ജയഭാരതിയെ തേടിയെത്തി.