
ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയെ പരിചയപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 83-ാം പിറന്നാള്‍. 'സ്വയംവരം' മുതല്‍ 'പിന്നെയും' വരെ അടൂര്‍ സമ്മാനിച്ചത് മലയാളം കടപ്പെട്ടിരിക്കുന്ന എണ്ണംപറഞ്ഞ സിനിമകളാണ്. മലയാളത്തില്‍ പുതിയ സിനിമാ സംസ്‌കാരത്തിന് തുടക്കമിട്ട മഹാപ്രതിഭകൂടിയാണ് അടൂര്‍. സത്യജിത് റേ ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ അവതരപ്പിച്ചെങ്കില്‍ മലയാള സിനിമയെ പരിചയപ്പെടുത്താന്‍ അടൂരുണ്ടായിരുന്നു. നാടകത്തോടായിരുന്നു അദ്ദേഹത്തിന് കമ്പം.
1962ല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് തിരക്കഥാ രചനയും സംവിധാനവും പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വലിയ നിര പ്രേക്ഷകരിലേക്കെത്തുന്നതിലും ചലച്ചിത്രങ്ങള്‍ക്കുള്ള കഴിവ് അടൂരിനെ ആകര്‍ഷിക്കുകയായിരുന്നു.
മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച സ്വയംവരമാണ് അടൂരിന്റെ ആദ്യ ഫീച്ചര്‍ ഫിലിം. പച്ചയായ ജീവിത മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തി സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അടൂര്‍ ചിത്രങ്ങളില്‍ അതിനാടകീയ രംഗങ്ങള്‍ക്കു സ്ഥാനമില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്ന എലിപ്പത്തായം കേരളത്തിന്റെ ഒരു കാലഘട്ടത്തെ വരച്ചിടുന്നതാണ്. മതിലുകളില്‍ തടവുകാരുടെ ചെറിയ ലോകത്ത് ബഷീറും നാരായണിയും അവരുടേതായ ലോകം സൃഷ്ടിച്ചെടുക്കുന്നുണ്ട്. ബഷീറിന്റെ കഥയെ അഭ്രപാളിയിലേക്ക് ആകര്‍ഷിച്ച് അടൂര്‍ നേടിയെടുത്തത് അതിരില്ലാത്ത അംഗീകാരങ്ങളാണ്.
സക്കറിയയുടെ എഴുത്തിനെയാണ് അടൂര്‍ 'വിധേയനി'ല്‍ ചിത്രീകരിച്ചത്. സൂപ്പര്‍താരത്തിന്റെ പൊലിമയഴിച്ചുവെച്ച് മമ്മൂട്ടി ഈ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി. സ്വാതന്ത്ര്യത്തിനും പത്തു വര്‍ഷം മുന്‍പ് മുതല്‍ എണ്‍പതുകളിലെ ഇടതുപക്ഷ ഭരണകാലം വരെയുള്ള സാമൂഹിക ചരിത്രം 'കഥാപുരുഷന്‍' വിവരിച്ചു. തൂക്കുമരത്തിലേക്ക് വിധിക്കപ്പെട്ട നിരപരാധിയായ മനുഷ്യനും അവന്‍ പ്രതിയല്ലെന്ന് അറിഞ്ഞിട്ടും കഴുത്തില്‍ കുരുക്കിടാന്‍ വിധിക്കപ്പെട്ട ആരാച്ചാരും തമ്മിലുള്ള ആന്തരിക സംഘര്‍ഷമാണ് അടൂരിന്റെ 'നിഴല്‍കൂത്ത്'.
കലാമൂല്യത്തെ ക്രാഫ്റ്റില്‍ സമന്വയിപ്പിച്ച് അടൂര്‍ പിന്നെയും നിരവധി ചിത്രങ്ങള്‍ ഒരുക്കി. 2016ലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ അടൂര്‍ അവസാനമായി സിനിമയൊരുക്കിയത്. തന്റെ ഓരോ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ സമാന്തര സിനിമയിലേക്ക് ഒരു പടികൂടി അടുപ്പിക്കുകയായിരുന്നു അടൂര്‍. ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ, സംസ്ഥാന പുരസ്‌കാരങ്ങള്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, ജെ.സി ഡാനിയേല്‍ പുരസ്‌കാരം അങ്ങനെ അടൂരിനെ തേടിയെത്താത്ത അവാര്‍ഡുകളും അംഗീകാരങ്ങളും വിരളം.