
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് പോരെന്ന അഭിപ്രായമാണ് സംവിധായകന്‍ സുദീപ്‌തോ സെന്നിനുള്ളത്. ഇനിയും പുരസ്‌കാരങ്ങള്‍ ചിത്രം അര്‍ഹിക്കുന്നുണ്ടെന്ന് സുദീപ്‌തോ സെന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് ഒരു സര്‍പ്രൈസായിരുന്നു. ഞാന്‍ ടെക്‌നിക്കല്‍ പുരസ്‌കാരമാണ് പ്രതീക്ഷിച്ചത്. കാരണം എനിക്ക് എന്റെ ടെക്‌നീഷ്യന്‍മാരുടെ കഴിവിന് പ്രശംസ ലഭിക്കണമെന്നുണ്ടായിരുന്നു. ഒരു സിനിമ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും വലിയ രീതിയില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അത് ടെക്‌നിക്കലി മികച്ചതായതുകൊണ്ടാണ്. അതുകൊണ്ടാണ് എന്റെ ടെക്‌നീഷ്യന്മാര്‍ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചത്. എന്റെ ഛായാഗ്രഹകന് ലഭിച്ചു. പക്ഷെ എന്റെ തിരക്കഥാകൃത്തിനും മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനും നടി ആദാ ശര്‍മയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നെങ്കില്‍ സന്തോഷം തോന്നിയേനെ. പക്ഷെ അത് സംഭവിച്ചില്ല. അതില്‍ കുറച്ച് വിഷമം ഉണ്ട്", സുദീപ്‌തോ സെന്‍ പറഞ്ഞു.
"എന്നാല്‍ ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്ന്, 20-25 വര്‍ഷത്തെ കഷ്ടപാടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. അത് തീര്‍ച്ചയായും വളരെ വലുതായിരുന്നു", എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ദ കേരള സ്റ്റോറി 2023 മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. 20 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 300 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദ കേരള സ്റ്റോറി പശ്ചിമ ബംഗാളില്‍ നിരോധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകള്‍ പ്രദര്‍ശനം നിര്‍ത്തി വെച്ചിരുന്നു.