"ഇതിനൊരു അന്ത്യമില്ലേ!" 'ദ കേരള സ്റ്റോറി'ക്ക് രണ്ടാം ഭാഗം വരുന്നു

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സംവിധാനം
'ബിയോണ്ട് ദ കേരള സ്റ്റോറി'
'ബിയോണ്ട് ദ കേരള സ്റ്റോറി'Source: X
Published on
Updated on

കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'ക്ക് രണ്ടാം ഭാഗം വരുന്നു. 2013ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം, 'ബിയോണ്ട് ദ കേരള സ്റ്റോറി' എന്ന പേരിലാണ് പുറത്തിറക്കുക. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. ആഷിൻ എ ഷാ ആണ് സഹനിർമാണം. സിനിമയുടെ കഥാപശ്ചാത്തലത്തേപ്പറ്റി സൂചന നൽകാത്ത മോഷൻ പോസ്റ്ററിലൂടെയായിരുന്നു റിലീസ് തീയതി പ്രഖ്യാപനം. "അവർ പറഞ്ഞു ഇതൊരു കഥ മാത്രമാണെന്ന്. അവർ അതിനെ നിശബ്ദമാക്കാൻ ശ്രമിച്ചു. അവർ അതിനെ അവഹേളിക്കാൻ ശ്രമിച്ചു. പക്ഷേ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ, അത് കൂടുതൽ ആഴങ്ങളിലേക്ക് പോകുന്നു. ഇത്തവണ, അത് കൂടുതൽ വേദനിപ്പിക്കുന്നു," എന്നാണ് അനൗൺസ്മെന്റ് വീഡിയോയിൽ പറയുന്നത്.

സുദീപ്തോ സെൻ ആയിരുന്നു 'ദ കേരള സ്റ്റോറി'യുടെ സംവിധാനം. തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമ എന്ന വിമർശനം നേരിട്ട ചിത്രം വലിയ വിവാദങ്ങൾക്ക് കാരണമായി തീർന്നിരുന്നു. 20 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രം 300 കോടി രൂപയിൽ അധികമാണ് ആഗോള ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും സിനിമ നേടി. എന്നാൽ, കേരളത്തിൽ ഈ സിനിമ ഒരു ട്രോൾ മെറ്റീരിയൽ മാത്രമായി. സിനിമയുടെ രാഷ്ട്രീയവും മലയാളികളെ അവതരിപ്പിച്ച വിധവും നിശിത വിമർശനങ്ങൾക്ക് വിധേയമായി. ആദാ ശർമ, സിദ്ധി ഇദ്നാനി, യോഗിതാ ബിഹാനി, സോണിയ ബാലാനി എന്നിവരാണ് 'കേരളാ സ്റ്റോറി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ദ കേരള സ്റ്റോറി'യിലെ ആദാ ശർമയുടെ ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമാണ് ഏറ്റവും അധികം ട്രോൾ ഏറ്റുവാങ്ങിയത്. 'മലയാള ഭാഷയെ കൊന്നു' എന്നാണ് നടി നേരിട്ട പ്രധാന വിമർശനം. രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് വീഡിയോയുടെ കമന്റ് സെക്ഷനിലും ശാലിനി ഉണ്ണികൃഷ്ണന്റെ മലയാളം ആണ് താരം. 'എന്തിനിങ്ങനെ പ്രൊപ്പഗാണ്ട സിനിമകൾ നിർമികുന്നു', 'ഇതിനൊരു അവസാനമില്ലേ', 'നിനക്കൊന്നും മതിയായില്ലേ', എന്നിങ്ങനെയാണ് മലയാളി പ്രേക്ഷകരുടെ കമന്റുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com