
സര്‍സമീന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്‍ പൃഥ്വിരാജ് നല്‍കിയ അഭിമുഖങ്ങള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്. അഭിമുഖത്തില്‍ ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. എന്നാല്‍ ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ ടീമായ പൊഫക്ഷ്യോ. പൃഥ്വിരാജിന്റെ വാക്കുകളാണെന്ന തരത്തില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗം ഇന്ത്യയിലെ ചിലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടായിരിക്കുമെന്നുമാണ് പുറത്തുവന്ന ചില വാര്‍ത്തകള്‍. എന്നാല്‍ ഇത് പൃഥ്വിരാജിന് എതിരായ വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ ഐഡിയില്‍ നിന്ന് ആരംഭിച്ചതാണെന്നാണ് പൊഫാക്ഷ്യോ പറയുന്നത്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ അത് പുനപരിശോധിച്ച് തിരുത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നയന്‍ദീപ് രക്ഷിത് എന്ന യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇതു പറഞ്ഞത്. "ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്'', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം ഡയറക്ട് ഒടിടി റിലീസായ ജിയോ ഹോട്ട്‌സ്റ്റാറിലാണ് സര്‍സമീന്‍ റിലീസ് ആയത്. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തിയത്.