
ശ്രീകാന്ത് ഒഡെലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ദി പാരഡൈസിന്റെ ഗ്ലിംപ്സ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വമ്പന്‍ മേക്കോവറിലാണ് നാനി ചിത്രത്തിലെത്തുന്നത്. സിക്സ് പായ്ക്കും വമ്പന്‍ ഗെറ്റപ്പുമായി ഒരു പോരാളിയെന്നോണമാണ് നാനിയെ അവതരിപ്പിച്ചിരിക്കുന്നത്. 'പരുക്കന്‍ യാഥാര്‍ഥ്യം, പരുക്കന്‍ ഭാഷ' എന്ന മുന്നറിയിപ്പോടെയാണ് ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുന്നത്.
ദസറയ്ക്കുശേഷം ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പാരഡൈസ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി എന്നിവയ്ക്കൊപ്പം സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്യുന്ന ആദ്യ ചിത്രമെന്ന റെക്കോഡുമായാണ് ദി പാരഡൈസ് ഒരുങ്ങുന്നത്. ഒരു മിനിറ്റും 46 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 2026 മാർച്ച് 26ന് തീയറ്ററിലെത്തുമെന്നും വീഡിയോ പറയുന്നു.
ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നസുധാകര്‍ ചെറുകുരിയാണ് നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ജേഴ്സി, ഗ്യാങ്ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഹിറ്റ് 3 എന്ന സിനിമയും നാനിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.