കൊച്ചി: പ്രേക്ഷകർ ഏറ്റെടുത്ത 'മാർക്കോ'യ്ക്കും റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്ന സിനിമയ്ക്കും പിന്നാലെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് മൂന്നാമത്തെ ചിത്രമൊരുക്കുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള സിനിമ സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദാണ് സിനിമയുടെ നിർമാണം. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാവിലെ 11.11നാണ് നടന്നത്.
മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. 'ഉണ്ട' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' റിലീസിനായി ഒരുങ്ങുകയാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ: ആതിര ദിൽജിത്ത്.