
ബോളിവുഡ് ക്ലാസിക് ചിത്രം ഷോലെ 50 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബസന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹേമ മാലിനി സിനിമയുടെ പാരമ്പര്യത്തെ പ്രശംസിച്ച് രംഗത്തെത്തി. പുതിയ തലമുറയിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചിത്രം റീമേക്ക് ചെയ്യുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ലെങ്കിലും, രമേഷ് സിപ്പിയുടെ ഷോലെയുടെ സ്വാധീനം ഒരിക്കലും ആവര്‍ത്തിക്കാനാവില്ലെന്ന് ഹേമ മാലിനി വിശ്വസിക്കുന്നു.
ജയ്, വീരു എന്നീ കഥാപാത്രങ്ങളുടെ സൗഹൃദം, ഗബ്ബര്‍ എന്ന ക്ലാസിക് വില്ലന്‍, ബസന്തിയുടെയും വീരുവിന്റെയും പ്രണയം എന്നീ ഘടകങ്ങള്‍ ഷോലെ എന്ന ചിത്രത്തെ പ്രശസ്തമാക്കി. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ഇന്നും തുടരുന്നു. അബിതാഭ് ബച്ചന്‍ ജയ് എന്ന കഥാപാത്രമായി എത്തിയപ്പോള്‍, അംജദ് ഖാന്‍ ഗബ്ബറായി എത്തി. സഞ്ജീവ് കുമാറും ജയ ബച്ചനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡ് ഇപ്പോഴും ഷോലെയ്ക്കുണ്ട്.
ഷോലെ നിര്‍മിച്ച സമയത്ത് താന്‍ ഉള്‍പ്പെടെ ഉള്ള അഭിനേതാക്കളാരും സിനിമ ഇത്രയേറെ സ്വാധീനം ചെലുത്തുമെന്നും ചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹേമ മാലിനി പറഞ്ഞു.
"എല്ലവാരുമായി പ്രവര്‍ത്തിച്ചതിന്റെ മനോഹരമായ ഓര്‍മകള്‍ എനിക്കുണ്ട്. ആളുകള്‍ എന്റെ നല്ല ഓര്‍മകളെ കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ അതെല്ലാം ഓര്‍ക്കണം എന്ന് കരുതിയിരുന്നില്ല. മറ്റ് സിനിമകളെന്ന പോലെ തന്നെയാണ് ഞങ്ങള്‍ ഷോലെയിലും പ്രവര്‍ത്തിച്ചത്. ഷോലെയും അത്തരത്തിലൊരു സിനിമയായിരുന്നു", ഹേമ മാലിനി പറഞ്ഞു.
"ഇന്ന് ഷോലെ ഒരു ഐക്കോണിക്ക് സിനിമയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരിഞ്ഞുനോക്കുമ്പോള്‍, എല്ലാവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിന്റെ മനോഹരമായ ഓര്‍മകള്‍ എനിക്കുണ്ട്", എന്നും അവര്‍ വ്യക്തമാക്കി.
"ആ സമയത്ത് ഞങ്ങളെല്ലാവരും കരിയര്‍ ആരംഭിച്ച സമയമായിരുന്നു. അമിത് ജിയും ആ സമയത്ത് തുടങ്ങിയിട്ടെയുള്ളൂ. ധര്‍മ്മജിയും സഞ്ജീവ് ജിയും ഒഴികെ ബാക്കിയെല്ലാവും കരിയര്‍ ആരംഭിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഞങ്ങളെല്ലാം വളരെ അധികം നേട്ടങ്ങള്‍ കൈവരിച്ചു", താരം കൂട്ടിച്ചേര്‍ത്തു.
"തീര്‍ച്ചയായും ഈ സിനിമയ്ക്ക് ഒരു റീമേക്ക് സംഭവിക്കാം. പക്ഷെ അത് അടുത്ത 50 വര്‍ഷത്തേക്ക് പ്രസക്തമായി നിലനില്‍ക്കുമോ എന്ന് ഉറപ്പില്ല. ഷോലെയ്ക്ക് ഒരു പാരമ്പര്യമുണ്ട്. അത് ഐക്കോണിക്കാണ്. ചിത്രത്തിലെ ഓരോ സംഭാഷണവും ആളുകള്‍ ഓര്‍ക്കുന്നു", ഹേമ മാലിനി പറഞ്ഞു.
"ഗോഡ്ഫാദര്‍ ആവര്‍ത്തിക്കാന്‍ സാധിക്കാത്തതുപോലെ ഷോലെയുടെ വിജയവും ആവര്‍ത്തിക്കാനാകില്ല. കഥ ആവര്‍ത്തിക്കാം. പക്ഷെ വിജയം ആവര്‍ത്തിക്കണമെന്നില്ല. ആളുകള്‍ അത് സ്വീകരിക്കുമോ ഇല്ലയോ എന്ന് കണ്ട് അറിയണം", എന്നും താരം വ്യക്തമാക്കി.