മലയാള സിനിമയ്ക്ക് ഇനി ത്രീഡി കാലം; വരുന്നത് 3 ബിഗ് ബജറ്റ് സിനിമകള്‍

ബറോസ്, അജയന്‍റെ രണ്ടാം മോഷണം,കത്തനാര്‍ എന്നിവയാണ് മലയാളത്തില്‍ നിന്നും ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന പ്രധാന സിനിമകള്‍.
മലയാള സിനിമയ്ക്ക് ഇനി ത്രീഡി കാലം; വരുന്നത് 3 ബിഗ് ബജറ്റ് സിനിമകള്‍
Published on

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമയില്‍ വരുത്തിയ മാറ്റങ്ങളുടെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.മാറുന്ന കാഴ്ചാനുഭവങ്ങളില്‍ പ്രേക്ഷകന് പുതുമ സമ്മാനിക്കാനുള്ള പ്രയത്നത്തിലാണ് അണിയറക്കാരും.മലയാള സിനിമയുടെ വാണിജ്യമേഖല മുന്‍പ് എങ്ങുമില്ലാത്ത വിധം വളരുന്ന ഈ ഘട്ടത്തില്‍ സാങ്കേതികതികവ് കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ പോന്ന ഒരുപിടി ത്രീഡി സിനിമകളാണ് ഈ വര്‍ഷം തീയേറ്ററുകളിലെത്താന്‍ പോകുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ വഴിയിലൂടെ...

1984-ലെ ഒരു ഓണക്കാലത്ത് മലയാളികള്‍ ഒന്നടങ്കം അതിശയത്തോടെ ആ ദൃശ്യവിസ്മയം തീയേറ്ററുകളില്‍ കണ്ടു.അന്നോളം കണ്ടിട്ടില്ലാത്ത ത്രിമാന കാഴ്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളുമായി ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍'മലയാളത്തില്‍ പിറന്നു.മൂന്ന് കുട്ടികളും അവരുടെ കൂട്ടുകാരനായെത്തുന്ന ചാത്തനും മന്ത്രവാദിയുമൊക്കെ ത്രീഡി കണ്ണടയിലൂടെ മലയാളികള്‍ കണ്ടു.തമിഴില്‍ ശങ്കറും തെലുങ്കില്‍ രാജമൌലിയുമൊക്കെ ഗ്രാഫിക്സ് കൊണ്ട് അമ്മാനമാടുന്ന ഈ കാലത്ത് ത്രീഡി ഫോര്‍മാറ്റില്‍ ഒരു സിനിമയെടുക്കുക എന്ന വെല്ലുവിളി അക്കാലത്ത് യാഥാര്‍ത്ഥ്യമാക്കിയത് നവോദയ അപ്പച്ചനും അദ്ദേഹത്തിന്‍റെ മകന്‍ ജിജോ പുന്നൂസുമാണ്.നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പരീക്ഷണ ചിത്രത്തിനായി ഏതാണ്ട് 40 ലക്ഷത്തോളം രൂപ ചെലവഴിക്കാന്‍ നവോദയ അപ്പച്ചന്‍ കാട്ടിയ ധൈര്യത്തില്‍ നിന്നുമാണ് പില്‍ക്കാലത്ത് സാങ്കേതിക തികവ് കൊണ്ട് മികച്ചതായി മാറിയ ഒരുപറ്റം സിനിമകളുടെ പിറവിയെടുത്തത്.

മുന്‍നിര അഭിനേതാക്കളും ബിഗ് ബജറ്റുമല്ല, പ്രമേയത്തിന്‍റെ സ്വീകാര്യതയാണ് ഒരു സിനിമയെ പാന്‍ ഇന്ത്യന്‍ ആക്കുന്നതെന്ന് ഇതിനോടകം ബോധ്യപ്പെട്ടുള്ളതാണ്. ഒടിടിയുടെ പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് ഭാഷാഭേദമില്ലാതെ സിനിമയുടെ ഉള്ളടക്കം എല്ലാവരിലെക്കും എത്തിച്ചു.മലയാളത്തിലേക്ക് വന്നാല്‍ മിന്നല്‍ മുരളിയും ദൃശ്യം രണ്ടാം ഭാഗവുമെല്ലാം ഒടിടിയിലൂടെ ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു.ഒരുവശത്ത് ശങ്കറിന്‍റെ 2.0, രാജമൌലിയുടെ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ സാങ്കേതികമികവോടെ പ്രേക്ഷകരിലേക്ക് എത്തി.വലിയ കളക്ഷന്‍ നേടുന്നതിനൊപ്പം ഈ സിനിമകളൊക്കെ അന്താരാഷ്ട്ര ശ്രദ്ധനേടുകയും ചെയ്തു.

ബജറ്റിന്‍റെ അഭാവം കൊണ്ട് മലയാളത്തില്‍ വല്ലപ്പോഴും മാത്രം സംഭവിച്ചിരുന്ന ടെക്നിക്കലി പെര്‍ഫക്ടായ സിനിമകള്‍ നിര്‍മ്മിക്കാന്‍ അണിയറക്കാര്‍ മുന്നോട്ട് വരുന്നതും ഇത്തരം സിനിമകള്‍ക്ക് ലഭിച്ചേക്കാവുന്ന ഈ പാന്‍ ഇന്ത്യന്‍ റീച്ച് മുന്നില്‍ കണ്ടുകൊണ്ടാണ്.ബറോസ്, അജയന്‍റെ രണ്ടാം മോഷണം,കത്തനാര്‍ എന്നിവയാണ് മലയാളത്തില്‍ നിന്നും ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന പ്രധാന സിനിമകള്‍.

മോഹന്‍ലാലിന്‍റെ ബറോസ്

45 വര്‍ഷത്തെ സിനിമാ കരിയറില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായം അണിയുന്ന ചിത്രം. നായകനായി ക്യാമറക്ക് മുന്നിലും സംവിധായകനായി ക്യാമറക്ക് പിന്നിലുമുള്ള മോഹന്‍ലാലിന്‍റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.വാസ്കോ ഡിഗാമയുടെ നിധികാക്കും ഭൂതത്തിന്‍റെ കഥപറയുന്ന ഈ ത്രീഡി ഫാന്‍റസി ചിത്രം സെപ്റ്റംബര്‍ 12ന് തീയേറ്ററുകളിലെത്തും.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ പിറവിക്ക് കാരണക്കാരനായ ജിജോ പുന്നൂസിന്‍റെ സാന്നിധ്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്.സന്തോഷ് ശിവന്‍റെ ഛായാഗ്രഹണവും ലിഡിയന്‍ നാദസ്വരത്തിന്‍റെ സംഗീതവും പ്രധാന ഹൈലൈറ്റുകള്‍.വമ്പന്‍ ബജറ്റില്‍ ഇന്ത്യയില്‍ പലഭാഗങ്ങളിലായി ചിത്രീകരണം.അണിയറയില്‍ വിദേശ സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യം. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍.പ്രധാന വേഷങ്ങളില്‍ ഹോളിവുഡില്‍ നിന്നടക്കം താരങ്ങള്‍. പ്രതീക്ഷയുടെ ഭാരം ആരാധകരില്‍ ഉളവാക്കാന്‍ ഇതിനപ്പുറം ഇനിയെന്ത് വേണം.

അജയന്‍റെ രണ്ടാംമോഷണം

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന ടോവിനോ തോമസിന്‍റെ പുതിയ ചിത്രമാണ് അജയന്‍റെ രണ്ടാംമോഷണം.കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ഞിക്കേളു,മണിയന്‍, അജയന്‍ എന്നീ മൂന്ന് റോളുകളിലാണ് ടോവിനോ എത്തുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥപറയുന്ന ഈ പീരിയോഡിക് എന്‍റര്‍ടൈനര്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ ലാലാണ്.കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാര്‍.കൃതി ഷെട്ടി, ഐശ്വ ര്യ രാജേഷ്, സുരഭീ ലക്ഷ്മി എന്നിവരാണ് നായികമാര്‍.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിര്‍മ്മാണം.60 കോടി മുതല്‍ മുടക്കില്‍ ത്രീഡിയില്‍ ഒരുക്കിയ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യും. ബേസിൽ ജോസഫ്, ജഗദീഷ് ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടറായ ദിപു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ജയസൂര്യയുടെ കത്തനാര്‍

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മഹാമാന്ത്രികന്‍ കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കത്തനാര്‍.ഹോം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യയാണ് എത്തുന്നത്. താരത്തിന്‍റെ കരിയറിലെ തന്നെ നാഴികക്കല്ലായി കത്തനാര്‍ മാറുമെന്നാണ് വിലയിരുത്തുന്നത്.ത്രീഡിയും വെര്‍ച്വല്‍ റിയാലിറ്റിയും സമ്മേളിക്കുന്ന ചിത്രം സാങ്കേതികമായി  എത്രത്തോളം മികച്ചുനില്‍ക്കുന്നുവെന്ന് പുറത്തുവന്ന ടീസറില്‍ നിന്ന് വ്യക്തമാണ്.അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ആര്‍.രാമാനന്ദിന്‍റെതാണ് തിരക്കഥ.നീല്‍ ഡി കുഞ്ഞ ക്യാമറ കൈകാര്യം ചെയ്യുന്നു.രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കുന്നത്.75 കോടിയോളം മുതല്‍മുടക്കില്‍ ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മ്മിക്കുന്നത്.രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തും.മുപ്പതിലധികം ഭാഷകളിലായി ഒരു വേള്‍ഡ് വൈഡ് റിലീസാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com