
രണ്ടാം വര്‍ഷം കോളേജില്‍ പഠിക്കുമ്പോള്‍ സിനിമാ സംവിധായകനാകാന്‍ കൊതിച്ചു നടന്ന ശെല്‍വരാഘവന്‍ ഒരു തിരക്കഥ എഴുതുന്നു. അച്ഛന്‍ കസ്തൂരി രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി അനുജന്‍ വെങ്കടേഷ് പ്രഭുവിനെ അവതരിപ്പിക്കാനായിരുന്നു അവരുടെ ആഗ്രഹം. പ്രഭുദേവ, ഇളയതിലകം പ്രഭു എന്നിങ്ങനെ ആ പേരില്‍ പേരെടുത്ത നിരവധി പേര്‍ തമിഴ് സിനിമയില്‍ അപ്പോഴെ ഉണ്ടായിരുന്നു. അങ്ങനെ പതിനാറുകാരന്‍ വെങ്കടേഷ് പ്രഭു, ധനുഷ് എന്ന പേരുമായി തുള്ളുവതോ ഇളമൈയിലൂടെ കോളിവുഡില്‍ വരവറിയിച്ചു. ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ച് ഷെഫ് ആകണമെന്ന് ആഗ്രഹിച്ചു നടന്ന ആ പയ്യനെ പക്ഷെ സിനിമ കൊണ്ടുചെന്നു നിര്‍ത്തിയത് മറ്റൊരു ലോകത്തായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ആരംഭിച്ച ആദ്യ സിനിമയുടെ ചിത്രീകരണം മൂലം പഠനം ധനുഷിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. കൂട്ടുകാരെല്ലാം കോളേജ് ലൈഫ്, ഉയര്‍ന്ന ജോലിയൊക്കെ തേടി പോയപ്പോള്‍, സിനിമയാണ് തന്‍റെ വഴിയെന്ന് ധനുഷ് തിരിച്ചറിഞ്ഞു.
ചേട്ടന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയിലും ധനുഷ് തന്നെ നായകനായി. പൊടിമീശ മുളക്കാത്ത പ്രായത്തില്‍ കോളേജ് കുമാരനായി നടിക്കാനെത്തിയ ധനുഷിനെ ശെല്‍വരാഘവന്‍ കണ്ടറിഞ്ഞ് ഉപയോഗിച്ചു. ക്ലാസില്‍ കിടന്ന് ഉറങ്ങുന്ന പയ്യന്‍റെ മുഖത്തേക്ക് അധ്യാപകന്‍ ഡസ്റ്റര്‍ വലിച്ചെറിയുമ്പോള്‍ ദൈന്യതയോടെ നോക്കുന്ന ധനുഷിന്‍റെ മുഖം പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. കാതല്‍ കൊണ്ടേനിലേ പ്രകടനം അഭിനന്ദനങ്ങള്‍ നേടി കൊടുത്തെങ്കിലും നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ ധനുഷ് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. 2003-ല്‍ റിലീസായ തിരുടാ തിരുടിയിലെ മന്മദറാസ എന്ന ഡാന്‍സ് നമ്പര്‍ ധനുഷിന് നല്‍കിയ ഹൈപ്പ് ചെറുതൊന്നുമായിരുന്നില്ല. പാട്ടിനൊപ്പം തമിഴകത്തിന്‍റെ മുക്കിലും മൂലയിലും വരെ ധനുഷിന്‍റെ മുഖം സുപരിചിതമായി.
പിന്നാലെയെത്തിയ പുതുക്കോട്ടയിലിരുന്ത് ശരവണന്‍, സുള്ളാന്‍, ഡ്രീംസ് തുടങ്ങിയ സിനിമകള്‍ ശരാശരിയിലും താഴെ മാത്രം നില്‍ക്കുന്ന സിനിമകളായിരുന്നു. ബോക്സ് ഓഫീസില്‍ പരാജയമായിട്ടും ധനുഷ് എന്ന പേര് അഞ്ച് സിനിമകള്‍ കൊണ്ട് തന്നെ ചര്‍ച്ചയായി. 21-ാം വയസില്‍ ഐശ്വര്യ രജനികാന്തിനെ വിവാഹം ചെയ്തതോടെ സൂപ്പര്‍ സ്റ്റാര്‍ മരുമകന്‍ എന്നൊരു ടാഗും മാധ്യമങ്ങള്‍ ധനുഷിന് ചാര്‍ത്തികൊടുത്തു. എന്നിട്ടും ഒരു സൂപ്പര്‍ ഹിറ്റ് സമ്മാനിക്കാന്‍ കഴിയാതെ ധനുഷിന്‍റെ കരിയര്‍ പ്രതിസന്ധിയിലായി. ദേവതയെ കണ്ടേന്‍, അതു ഒരു കനാകാലം തുടങ്ങിയ റൊമാന്‍റിക് സിനിമകളിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഈ സമയത്താണ് ധനുഷിന് രക്ഷകനായി ശെല്‍വരാഘവന്‍ വീണ്ടുമെത്തുന്നത്. തമിഴ് സിനിമ അന്നോളം കണ്ടിട്ടില്ലാത്ത ഒരു നായകനായി പുതുപ്പേട്ടയിലെ 'കൊക്കി കുമാര്‍' മാറി. മസിലുള്ള നായകന്മാര്‍ അരങ്ങു തകര്‍ത്ത ആക്ഷന്‍ രംഗങ്ങളില്‍ ഈ സൈസ് സീറോ ബോയ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. സാമ്പത്തികമായി ചിത്രം വിജയമായില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ഒരു തനി ഫാന്‍ ബേസുണ്ട് കൊക്കി കുമാറിനും പുതുപ്പേട്ടക്കും. പുതുപ്പേട്ടയുടെ റെസ്പോണ്‍സ് പിന്നീടിറങ്ങിയ തിരുവിളയാടല്‍ ആരംഭം എന്ന സിനിമയുടെ വിജയത്തിന് ഗുണമാകുകയും ചെയ്തു.
തോറ്റുതുടങ്ങിയ നായകന്‍റെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ കഥകളില്‍ ഒരു കൂട്ടുകാരന്‍ ഉണ്ടാകുന്നതുപോലെ ധനുഷിന്‍റെ കരിയറിലും അങ്ങനെ ഒരാള്‍ ഉണ്ടായി. ബാലു മഹേന്ദ്രയുടെ ശിഷ്യനായിരുന്നിട്ടും വെട്രിമാരനിലെ സംവിധായകനെ തിരിച്ചറിഞ്ഞ് ആദ്യം അവസരം നല്‍കിയത് ധനുഷായിരുന്നു. 2007-ല്‍ റിലീസ് ചെയ്ത പൊല്ലാതവന്‍ അങ്ങനെ രണ്ടുപേരുടെയും സിനിമ കരിയറിന് മുതല്‍ക്കൂട്ടായി. സിനിമ സാമ്പത്തിക വിജയം നേടിയതിനൊപ്പം അക്കാലത്ത് പള്‍സര്‍ ബൈക്കിന്‍റെ അപ്രഖ്യാപിത ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായി ധനുഷ് മാറി. പൊല്ലാതവന് ശേഷം യാരടി നീ മോഹിനി, ഉത്തമപുത്രന്‍ തുടങ്ങിയ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായി ജനപ്രീതി പിടിച്ചുപറ്റിയ ധനുഷ്, പടിക്കാതവന്‍, കുട്ടി തുടങ്ങിയ യൂത്തിനെ ആകര്‍ഷിക്കുന്ന സിനിമകളിലേക്ക് ചുവടുമാറ്റി.
ഈ ഘട്ടത്തിലാണ് ധനുഷിന്‍റെ ജീവിതത്തിലേക്ക് വെട്രിമാരന്‍റെ റീ എന്‍ട്രി. മധുരയിലെ കോഴിപ്പോരിന്‍റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ആടുകളം ധനുഷിന്‍റെ കരിയറിലെ മറ്റൊരു നാഴികകല്ലായി മാറുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ് ആടുകളം ധനുഷിന് സമ്മാനിച്ചത്. ധനുഷിലെ അഭിനേതാവിന്‍റെ കപ്പാസിറ്റി എത്രത്തോളമാണെന്ന് തമിഴിന് പുറത്തുള്ള ഇന്‍ഡസ്ട്രികളും ആടുകളത്തിലൂടെ തിരിച്ചറിഞ്ഞ സമയമായിരുന്നു കടന്നുപോയത്. എന്നാല്‍ 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ധനുഷിന്റെ കരിയര്‍ വീണ്ടും പ്രതിസന്ധിയിലായി. ദേശീയ പുരസ്കാരം നേടി തന്നിലെ നടനെ തെളിയിച്ചെങ്കിലും വിജയ്, അജിത്ത് എന്നിവരെ പോലെ ഒരു കൊമേഷ്യല്‍ ഹീറോ ആയി വളരണമെന്ന ആഗ്രഹം ധനുഷിന് അപ്പോഴും സാധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം അഭിനയിച്ച മാപ്പിളൈ, വെങ്കൈ തുടങ്ങിയ സിനിമകള്‍ പ്രതീക്ഷിച്ച നിലയില്‍ വിജയിക്കതെ പോയതും തിരിച്ചടിയായി.
ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത മയക്കമെന്ന, ഐശ്വര്യ സംവിധാനം ചെയ്ത ത്രീ എന്നി സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിച്ചതോടെ സൈക്കോ നടനെന്ന്, സിനിമ മാസികകള്‍ ധനുഷിനെ കുറിച്ച് എഴുതി. നായകനായി അഭിനയിച്ച സിനിമകള്‍ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും പ്രൊഡ്യൂസര്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലലകളിലൊക്കെ തന്‍റെ സാന്നിധ്യം അറിയിച്ച കാലം കൂടിയായിരുന്നു അത്. ത്രീ സിനിമക്ക് വേണ്ടി ആറ് മിനിറ്റ് കൊണ്ട് ധനുഷ് 'തംഗ്ലീഷില്‍' എഴുതി അനിരുദ്ധ് കംപോസ് ചെയ്ത കൊലവെറി പാട്ട് അപ്രതീക്ഷിതമായി ആരോ ലീക്ക് ചെയ്തു. പിന്നാലെ റെക്കോര്‍ഡിങ് സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഗാനം ഔദ്യോഗികമായി പുറത്തുവിടാന്‍ അണിയറക്കാര്‍ നിര്‍ബന്ധിതരായി. പിന്നീട് സംഭവിച്ചത് അത്ഭുതമാണ്. തമിഴ്നാടും കേരളവുമൊക്കെ കടന്ന് ധനുഷിന്‍റെ കൊലവെറി വിദേശ രാജ്യങ്ങളില്‍ പോലും തരംഗമായി. ഇന്ത്യയില്‍ നിന്ന് യൂട്യൂബില്‍ 100 മില്ല്യണ്‍ വ്യൂസ് നേടുന്ന ആദ്യ വീഡിയോ ആയി കൊലവെറി മാറി.
അതുവരെ ടിവി ഷോകളില്‍ അവതാരകനായിരുന്ന ശിവകാര്‍ത്തികേയന്‍ ത്രീ സിനിമയില്‍ ധനുഷിന്‍റെ കൂട്ടുകാരനായി അഭിനയിക്കാനെത്തി. ശിവകാര്‍ത്തികേയനില്‍ ഒരു നായകന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ധനുഷ് എതിര്‍നീച്ചല്‍ എന്ന സിനിമ നിര്‍മിച്ച് ശിവകാര്‍ത്തികേയനെ ഹീറോ ആക്കി അവതരിപ്പിച്ചു. പില്‍ക്കാലത്ത് നിരവധി ഹിറ്റ് പാട്ടുകളൊരുക്കിയ അനിരുദ്ധിനും കരിയര്‍ ബ്രേക്കായിരുന്നു എതിര്‍നീച്ചല്‍. തമിഴില്‍ മരിയാന്‍, നെയ്യാണ്ടി തുടങ്ങിയ സിനിമകളുമായി നില്‍ക്കവെ ബോളിവുഡില്‍ നിന്ന് ധനുഷിന് ആദ്യവിളിയെത്തി. സോനം കപൂറിനൊപ്പം ഹിന്ദിയില്‍ അരങ്ങേറിയ രാഞ്ജന ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി. ഒപ്പം ഹിന്ദിയിലെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടി കൊടുത്തു.
അഭിനയസാധ്യതയുള്ള റോളുകള്‍ക്കൊപ്പം കൊമെഷ്യല്‍ കണ്ടന്‍റ് സിനിമകളും ബാലന്‍സ് ചെയ്ത് അവതരിപ്പിക്കുന്ന പാറ്റേണിലേക്ക് താരം ചുവടുമാറ്റുന്നത് ഈ ഘട്ടം മുതലാണ്. അന്നുവരെ 24 സിനിമകളില്‍ അഭിനയിച്ച താരം ഒരു വമ്പന്‍ വിജയത്തിനായി കാത്തിരിക്കവെയാണ് 25-ാം സിനിമയായി വേലയില്ലാപ്പട്ടൈതാരിയുടെ വരവ്. പ്രതീക്ഷ തെറ്റിയില്ല... അജിത്തിനെയും സൂര്യയെയും പോലെ 25-ാം പടം ധനുഷിനും ബ്ലോക് ബസ്റ്റര്‍ വിജയം സമ്മാനിച്ചു. എഞ്ചിനീയറിങ് ബിരുദധാരിയായ തൊഴിൽ രഹിതനായ രഘുവരൻ എന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരത്തിന്‍റെ പ്രകടനത്തെ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.
അഭിനയത്തിലും പാട്ടിലും തിളങ്ങിയ ധനുഷ് ഒരുപടി കൂടി കടന്ന് സംവിധായകനായും അരങ്ങേറി. 2017 ല്‍ റിലീസ് ചെയ്ത പാ പാണ്ടിയെന്ന ഫീല്‍ ഗുഡ് സിനിമ ധനുഷിലെ സംവിധായകനെ അടയാളപ്പെടുത്തി. 'വിഐപി' നേടിയത് പോലെ ഒരു വിജയം നായകനായി വീണ്ടും നേടാന്‍ ശ്രമിച്ച ധനുഷിന് പക്ഷെ ഇത്തവണ അടിതെറ്റി. കജോളിനൊപ്പം വേലയില്ലാ പട്ടൈതാരിക്ക് രണ്ടാം ഭാഗം എടുത്തെങ്കിലും വിജയിച്ചില്ല. എന്നാൽ ആടുകളത്തിന് ശേഷം പ്രേക്ഷകര്‍ കാത്തിരുന്ന ധനുഷ്- വെട്രിമാരന്‍ കോംബോ കോടംബാക്കത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. വടചെന്നൈയിലൂടെ തമിഴിലെ മറ്റൊരു കള്‍ട്ട് കൂടി ഇരുവരും സ്വന്തം പേരിലാക്കി. അജിത്തിന്‍റെ ബില്ലയെ മറികടന്ന് തമിഴില്‍ ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമ നേടുന്ന ഏറ്റവും വലയ വിജയമായി വടചെന്നൈ മാറി. രണ്ടാംഭാഗത്തിന്‍റെ സാധ്യതകള്‍ തുറന്നിട്ട് പോയ വെട്രിമാരന്‍ അന്‍പുവിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലും ധനുഷിന്‍റെ പേര് ഉയര്‍ന്ന് കേട്ടു. ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍ എന്ന സിനിമയിലൂടെ ഇംഗ്ലീഷിലും താരം വരവറിയിച്ചു. പിന്നാലെ എത്തിയ മാരി 2 സാമ്പത്തിക വിജയമായില്ലെങ്കിലും റൗഡി ബേബി പാട്ട് യൂട്യൂബിനെ ഇളക്കിമറിച്ചു. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രവുമായി വെട്രിമാരന്‍ വീണ്ടും ധനുഷിനടുത്തെത്തി. രണ്ട് മക്കളുടെ അച്ഛനായ ശിവസ്വാമിയെന്ന കര്‍ഷകനായും പകയും പ്രതികാരവും തിളയ്ക്കുന്ന അസുരനായും വെള്ളിത്തിരയില്‍ ധനുഷ് നിറഞ്ഞാടി. ധനുഷ് ആഗ്രഹിച്ചതുപോലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 100 കോടി കളക്ഷന്‍ എന്ന ബോക്സ് ഓഫീസ് റെക്കോര്‍ഡും ചിത്രം ധനുഷിന് നല്‍കി.
പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയ ധനുഷ് അഭിനയം, സംവിധാനം, ഗാനരചന, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി. വ്യക്തി ജീവിതത്തില്‍ തിരിച്ചടികള്‍ പലപ്പോഴായി നേരിട്ടപ്പോഴും തോറ്റു കൊടുക്കാന്‍ തയാറാകാത്ത മനസുമായി ഒരു ചിരിച്ച മുഖത്തോടെ തന്‍റെ ആരാധകരോട് ധനുഷ് പറയും 'എണ്ണം പോല്‍ വാഴ്കൈ'. കരിയറിലെ അന്‍പതാം സിനിമ വിജയമാക്കാന്‍ സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രായനുമായി ധനുഷ് എത്തുന്നത്. മാറിയ തമിഴ് സിനിമക്കൊപ്പം മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി ധനുഷ് വീണ്ടും ആഞ്ഞടിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നത് ആരാധകര്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമ ലോകം കൂടിയാണ്.