

ചെന്നൈ: ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രം 'കാന്ത'യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ കേസ്. പഴയകാല തമിഴ് നടനായ എം.കെ. ത്യാഗരാജ ഭാഗവതരുടെ മകൻ്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ച് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം എം.കെ. ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഈ വിഷയത്തിൽ ചിത്രത്തിൻ്റെ നിർമാതാവായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബർ 18ന് ഈ വിഷയത്തിൽ കോടതി വീണ്ടും വാദം കേൾക്കും. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്താൻ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ.
കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിൻ്റെ ജീവിതകഥ സിനിമയാക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയെങ്കിലും പ്രേക്ഷകർക്ക് ആളെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങൾ. ഇതിനാണ് കോടതി ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബാട്ടി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പൊലീസ് ഓഫീസറായാണ് റാണ ദഗ്ഗുബാട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിൻ്റെ പേര്.
ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. "ദ ഹണ്ട് ഫോർ വീരപ്പൻ" എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'.
തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. ഛായാഗ്രഹണം - ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം - ഝാനു ചന്റർ, എഡിറ്റർ - ലെവെലിൻ ആൻ്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്.