
ഓണം റിലീസുകളില്‍ മലയാളികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ടൊവിനോ തോമസിന്‍റെ കരിയറിലെ 50-ാം സിനിമയില്‍ മൂന്ന് കാലഘട്ടങ്ങളിലുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജിതിന്‍ ലാല്‍ സിനിമയുടെ കഥ പറയുമ്പോള്‍ എന്തിനാണ് റിസ്ക് എടുത്ത് മൂന്ന് റോളും ഒരാള്‍ ചെയ്യുന്നത്, മറ്റ് രണ്ട് കഥാപാത്രങ്ങള്‍ക്കായി വെറേ രണ്ട് നടന്‍മാരെ കാസ്റ്റ് ചെയ്യാമായിരുന്നില്ലേ എന്നാണ് ആദ്യം തോന്നിയതെന്ന് ടൊവിനോ ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പിന്നീട് സംവിധായകന്‍ ജിതിന്‍ മൂന്ന് റോളും താന്‍ തന്നെ ചെയ്യുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തിയതോടെയാണ് ഇത്തരമൊരു പരീക്ഷണത്തിന് തയാറായതെന്നും ടൊവിനോ പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ മൂന്ന് റോളും ഞാന്‍ തന്നെ ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഈ സിനിമയില്‍ തോന്നിയത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കഥയിലെ യോദ്ധാവായ കുഞ്ഞിക്കേളു അല്ല കള്ളന്‍ മണിയന്‍, ഈ രണ്ട് കഥാപാത്രങ്ങളുടെ ശൈലിയല്ല അജയന്‍റേത്. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ടൊവിനോ പറഞ്ഞു.
സെപ്റ്റംബര്‍ 12ന് തീയേറ്ററകളിലെത്തുന്ന ചിത്രം 2D, 3D പതിപ്പുകളില്‍ റിലീസ് ചെയ്യും. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ നായികമാര്‍. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അജയന്‍റെ രണ്ടാം മോഷണം നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വൈഡ് റിലീസാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ അടക്കം ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്.