
കെജിഎഫ്, സലാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഡ്രാഗണ്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പ്രതീപ് രംഗനാഥന്റെ ഡ്രാഗണ്‍ വന്നതോടുകൂടി അതില്‍ മാറ്റം സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷെ സിനിമയുടെ പേര് ഡ്രാഗണ്‍ തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അതോടൊപ്പം ടൊവിനോ തോമസ്, ബിജു മേനോന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സര്‍സമീന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
"ഡ്രാഗണിന്റെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് അറിയാം ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടന്‍മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കികൊണ്ടുള്ള റോള്‍ നല്‍കുമെന്ന് എനിക്ക് അറിയാം" പൃഥ്വിരാജ് പറഞ്ഞു.
2025 ഏപ്രിലിലാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ജോയിന്‍ ചെയ്തത്. മൈത്രി മൂവി മെയ്‌കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. രവി ബസൂര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും നിര്‍വഹിക്കും. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.
അതേസമയം വാര്‍ 2 ആണ് ജൂനിയര്‍ എന്‍ടിആറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 14ന് തിയേറ്ററിലെത്തുന്ന വാര്‍ 2 താരത്തിന്റെ ആദ്യ ബോളിവുഡ് സിനിമയാണ്. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. ഋത്വിക് റോഷന്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു.