കൊച്ചി: ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം 'എആർഎം'. ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആർഎം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയ ഈ ഫാന്റസി അഡ്വെഞ്ചർ ത്രില്ലർ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയിരുന്നു. നവംബർ 20 മുതൽ ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുന്നത്.
നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്സ് മികവിന് സംവിധായകൻ കൂടിയായ ജിതിൻ ലാൽ, ആൽഫ്രഡ് ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്‍കാരം നേടിയപ്പോൾ, ചിത്രത്തിലെ നായകനായ ടോവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. ഇതിലെ "കിളിയെ" എന്ന ഗാനം ആലപിച്ച കെ.എസ്. ഹരിശങ്കറിന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായി എത്തിയ ടോവിനോ തോമസ് ഒരു നടൻ എന്ന നിലയിലും താരമെന്ന നിലയിലും തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നൽകിയത്. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, യു ജി എം എന്റർടൈൻമെന്റ് എന്ന ബാനറിൽ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. സുജിത് നമ്പ്യാർ രചിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഹാരിഷ് ഉത്തമൻ, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വർഗീസ്, ജഗദീഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.