

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്രാസ്യാസ് എൽ ക്ലാസിക്കോ' കേരളത്തിലെ ഷെഡ്യൂൾ പാക്ക് അപ്പായി. ചിത്രീകരണം പൂർത്തിയായ വിശേഷം കേക്ക് മുറിച്ചാണ് അണിയറപ്രവർത്തകർ ആഘോഷിച്ചത്. 'നാടുവാഴികൾ' സിനിമയിലെ 'രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ...' എന്ന ഗാനമാണ് ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നത് എന്നത് ശ്രദ്ധേയമായി. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്.
ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ റയല്‍ - ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ നിന്നും കാണികൾക്കൊപ്പമിരുന്ന് തത്സമയം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവഹിച്ചത് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണയിക്കുന്ന നിർണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമിൽ ഒരു മലയാളം സിനിമയുടെ ടൈറ്റിൽ ലോഞ്ച് തത്സമയം നിർവഹിക്കപ്പെട്ടു എന്നത് അപൂർവതയായിരുന്നു.
ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയാണ് സിനിമയുടെ സംവിധായകൻ. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
സഹനിർമാണം: പ്രദീപ് സിഎസ്, ഷാനിർ എംകെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, രചന: മുഹ്‌സിൻ പരാരി, സക്കറിയ, സംഗീതം: സുഷിൻ ശ്യാം, ഡിഒപി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റർ: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡ.ഡിസൈനർ: ഔസേഫ് ജോൺ, സൗണ്ട് ഡിസൈനർ: ഷിജിൻ ഹട്ടൺ, സൗണ്ട് മിക്സിംഗ്: ഫസൽ എ ബാക്കർ, ചീഫ് അസോ ഡയറക്ടർ: രാഹുൽ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, ഹെഡ് - ഇന്‍റർനാഷണൽ റിലേഷൻഷിപ്പ്: ഐഷ നാസിയ, വിഎഫ്എക്സ്: എഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ: ചാർലി & ദി ബോയ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.