മലയാള സിനിമയുടെ അരോമ മണിക്ക് അന്ത്യാഞ്ജലികൾ

ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ നവ മലയാള സിനിമയുടെയും ഭാഗമാവാൻ അരോമ മണിക്ക് കഴിഞ്ഞു
മലയാള സിനിമയുടെ അരോമ മണിക്ക് അന്ത്യാഞ്ജലികൾ
Published on

മലയാള സിനിമയിൽ മാറ്റത്തിന്റെ ട്രെൻഡുകൾ സൃഷ്ടിച്ച നിർമാതാവായിരുന്നു എം. മണി എന്ന അരോമ മണി. മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗം .  അരോമ മൂവീസ്, സുനിതാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി മണി നിർമിച്ചത് 62 സിനിമകളാണ്. അതിൽ അഞ്ച് സിനിമകൾ ഒഴികെയുള്ളവ ബോക്സ് ഓഫീസിൽ വൻ വിജയം കുറിക്കുകയും ചെയ്തു. 1977 ൽ മധുവിനെ നായകനാക്കി നിർമിച്ച 'ധീരസമീരെ യമുനാ തീരെ' മുതൽ തുടങ്ങിയതാണ് അരോമ മണിയുടെ സിനിമാലോകത്തെ തേരോട്ടം. കൊമേഴ്സ്യൽ ചിത്രങ്ങളോടായിരുന്നു അരോമ മണിക്ക് ഏറെ പ്രിയമെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ നിർമാണത്തിൽ പിറന്നു.

പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിവ കേന്ദ്ര-സംസ്ഥാന അവാർ‍‍ഡുകൾ നേടിയ ശ്രദ്ധേയമായ സിനിമകളാണ്. മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും സൂപ്പർതാര പദവിയിൽ തിളക്കത്തോടെ നിലനിൽക്കാൻ അരോമ മണിയുടെ ചിത്രങ്ങൾ മുതൽക്കൂട്ടായി. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, കോട്ടയം കുഞ്ഞച്ചൻ, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, മിസ്റ്റർ ബ്രഹ്മചാരി, ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആർട്ടിസ്റ്റ് തുടങ്ങിയ 62 സിനിമകളിലൂടെ അരോമ മണി എന്ന നിർമാതാവ് സിനിമാരംഗത്ത് അനിഷേധ്യനായി നിലകൊണ്ടു. പത്മരാജൻ, പി.ചന്ദ്രകുമാർ, സിബി മലയിൽ, കെ.മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വി.എം. വിനു, വിനയൻ, തുളസീദാസ്, ശ്യാമപ്രസാദ് തുടങ്ങി നിരവധി സംവിധായകർ അരോമ മൂവീസ്, സുനിതാ പ്രൊഡക്ഷൻസ് ബാനറുകളിലൂടെ വിജയചിത്രങ്ങൾ ഒരുക്കി.

വിക്രം തമിഴിൽ നായകസ്ഥാനം ഉറപ്പിച്ച കാശി എന്ന തമിഴ് സിനിമയും അരോമ മണി നിർ‌മാണത്തിലുള്ളതാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ നവ മലയാള സിനിമയുടെയും ഭാഗമായി അരോമ മണി മാറി. സിനിമാലോകത്ത് അർപ്പണ മനോഭാവത്തോടെ നിലകൊണ്ട നിർമാതാവിനെയാണ് അരോമ മണിയുടെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് നഷ്ടമായത്.

തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു മണിയുടെ അന്ത്യം. മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിച്ച അരോമ മണി, ഏഴ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭൗതിക ശരീരം നാളെ രാവിലെ 10 മുതൽ 11.30 വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം അരുവിക്കരയിലെ വസതിയിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com