'അനിമലിന് ലഭിച്ച മോശം കമന്റുകള്‍ കേട്ട് കരഞ്ഞു'; വിമര്‍ശനങ്ങള്‍ താങ്ങാനായില്ലെന്ന് തൃപ്തി ദിമ്രി

അനിമലിന് മുന്‍പ് എനിക്ക് ഒരു വിമര്‍ശനവും ലഭിച്ചിരുന്നില്ല. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു
'അനിമലിന് ലഭിച്ച മോശം കമന്റുകള്‍ കേട്ട് കരഞ്ഞു'; വിമര്‍ശനങ്ങള്‍ താങ്ങാനായില്ലെന്ന് തൃപ്തി ദിമ്രി
Published on


ബോളിവുഡ് താരം തൃപ്തി ദിമ്രി അടുത്തിടെ അനിമല്‍ സിനിമ ചെയ്തതുകൊണ്ട് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. രണ്‍വീര്‍ അലഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നത്. അതിനാല്‍ ദിവസങ്ങളോളം കരയുകയായിരുന്നു എന്നാണ് തൃപ്തി പറഞ്ഞത്.

'അനിമലിന് മുന്‍പ് എനിക്ക് ഒരു വിമര്‍ശനവും ലഭിച്ചിരുന്നില്ല. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷെ അത് മുഖ്യധാര സിനിമയിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന കാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. സത്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. കാരണം എനിക്ക് പ്രധാനപ്പെട്ട വ്യക്തികളുമായി സിനിമ ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നു. കാരണം ബുള്‍ബുള്‍, ഖ്വാല എന്നീ സിനിമകളുടെ സമയത്ത് ഒരു വിമര്‍ശനവും എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ആളുകള്‍ നല്ല കമന്റ് മാത്രമാണ് എഴുതിയിരുന്നത്. ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഞാന്‍ എല്ലായിപ്പോഴും കമന്റുകള്‍ വായിക്കും. എന്നാല്‍ അനിമലിന് ശേഷം ഒരു മാസത്തോളം എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഞാന്‍ എന്റെ ജോലിയാണ് ചെയ്തത്. എന്തുകൊണ്ട് എനിക്ക് ഇത്രയധികം വിമര്‍ശനങ്ങള്‍ ലഭിക്കുന്നുവെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള മാസമായിരുന്നു. കാരണം പ്രേക്ഷകരില്‍ പകുതി പേര്‍ എന്നെ ആരാധിക്കുകയും ബാക്കി പകുതി പേര്‍ എന്നെ താഴ്ത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. പോസ്റ്റീവിനേക്കാള്‍ നെഗറ്റീവിലേക്കാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്', എന്നാണ് തൃപ്തി ദിമ്രി പറഞ്ഞത്.


'അനിമല്‍ റിലീസ് ആയതിന് ശേഷം കുറഞ്ഞത് രണ്ട് മൂന്ന് ദിവസമെങ്കിലും ഞാന്‍ ഒരുപാട് കരഞ്ഞു. എനിക്ക് അതൊന്നും ശീലമുണ്ടായിരുന്നില്ല. എല്ലാം പെട്ടന്നാണ് സംഭവിച്ചത്. ഇത്രയും വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ആളുകള്‍ വളരെ മോശം രീതിയിലുള്ള കമന്റുകളാണ് സമൂഹമാധ്യമത്തില്‍ എഴുതിയിരുന്നത്. ഞാന്‍ സെന്‍സിറ്റീവ് ആയൊരു വ്യക്തിയാണ്. ആരോടെങ്കിലും വഴക്ക് ഉണ്ടാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ ഉള്ളിലേക്ക് തന്നെ വലിയും. അതുകൊണ്ട് തന്നെ അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. ജോലി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അതിനൊപ്പം നടക്കുന്നുണ്ടായിരുന്നു. ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം മനസിലാക്കിയെടുക്കാന്‍ സമയമില്ലായിരുന്നു', എന്നും താരം കൂട്ടിച്ചേര്‍ത്തു.

ശ്രീദേവി കേന്ദ്ര കഥാപാത്രമായ മോം ആണ് ത്രിപ്തി ആദ്യമായി ചെയ്ത ബോളിവുഡ് ചിത്രം. പിന്നീട് ലൈലാ മജ്‌നു, ബുള്‍ബുള്‍, ഖ്വാല, അനിമല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിക്കി കൗശല്‍ നായകനായ ബാഡ് ന്യൂസിലാണ് ത്രിപ്തി അവസാനമായി അഭിനയിച്ചത്. വിക്കി വിദ്യാ കാ വോവ വാലാ വീഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ത്രിപ്തിയുടെ ചിത്രങ്ങള്‍. നിലവില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ധടക് 2ന്റെ ചിത്രീകരണത്തിലാണ് തൃപ്തി. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തില്‍ തൃപ്തിയുടെ നായകന്‍ ആയി എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com