

തൃഷ കൃഷ്ണൻ, രാധിക ശരത്കുമാർ, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പനോരമ സ്റ്റുഡിയോസ് ആണ് ഈ ചിത്രത്തിന്റെ നിർമാണം. ദൃശ്യം 3, അനോമി ടികി ടാക്ക, ഉന്മാദം തുടങ്ങിയ സിനിമകളുടെ നിർമാണ പങ്കാളികളായ പനോരമയുടെ ആദ്യ തമിഴ് സംരംഭമാണിത്. മിസ്റ്ററി, ഹൊറർ, സസ്പെൻസ് ഘടകങ്ങൾ സംയോജിപ്പിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രാജാ കൃഷ്ണ മേനോൻ ആണ്.
രാജാ കൃഷ്ണ മേനോൻ തമിഴ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. നസീറുദ്ദീൻ ഷായുടെ 'ബരാഹ് ആന' (2009), അക്ഷയ് കുമാറിന്റെ 'എയർലിഫ്റ്റ്' (2016), സൈഫ് അലി ഖാന്റെ 'ഷെഫ്' (2017) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജാ കൃഷ്ണ മേനോൻ. സംവിധായകന്റെ ആദ്യ സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് ഒരുങ്ങുന്നത്.
വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുകയാണ്. ലോക്കോമോട്ടീവ് ഗ്ലോബലുമായി സഹകരിച്ച് പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം, ഫ്യൂഷൻ ഫ്ലിക്സും ലോക്കോമോട്ടീവ് ഗ്ലോബലും ചേർന്നാണ് നിർമിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക്, വികാസ് ശർമ, അമിത് ഡാൽമിയ, സുന്ദർ ആറോൺ എന്നിവരാണ് നിർമാതാക്കൾ. ജോർജ് കാമറൂൺ, രാജേഷ് മേനോൻ എന്നിവരാണ് സഹനിർമാതാക്കൾ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്‌റോത്ര.
അതേസമയം, സൂര്യ നായകനായ 'കറുപ്പ്' ആണ് തൃഷയുടെ അവസാന തിയേറ്റർ റിലീസ്. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ചിരഞ്ജീവിക്കൊപ്പമുള്ള ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ ‘വിശ്വംഭര’യാണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ ആണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്.