
'മനോരഥങ്ങള്‍' ആന്തോളജി സീരീസിൻ്റെ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ ആസിഫലിക്ക് പിന്തുണയുമായി നടൻ സിദ്ദിഖിൻ്റെ ഫെയ്‍സ്ബുക്ക് പോസ്റ്റ്. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതമെന്ന് സിദ്ദിഖിൻ്റെ പോസ്റ്റ്. മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ വിവാദത്തിലാണ് സിദ്ദിഖിൻ്റെ പ്രതികരണം.
ട്രെയിലര്‍ ലോഞ്ചിനിടെ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ പ്രതികരിച്ചിരുന്നു. ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും ആസിഫിന്‍റെ കൈ തട്ടിമാറ്റിയതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു. "എന്‍റെ ജീവിതത്തിൽ ആരെയും ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. അപമാനിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ആസിഫ് അലിയെ എനിക്ക് ഏറെ ഇഷ്ടമാണ്, എന്താണ് അവിടെ സംഭവിച്ചത് എന്ന് അറിയില്ല. ആസിഫിനെ വിളിക്കും, തെറ്റ് പറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മൊമെന്റോ തരാനാണ് ആസിഫ് അലി എത്തിയത് എന്ന് മനസ്സിലായില്ല. അവിടുത്തെ അനൗൺസ്മെൻറ് ഞാൻ കേട്ടില്ല" - രമേശ് നാരായണ്‍ പറഞ്ഞു. ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയ ശേഷം സന്തോഷം പങ്കിടാനാണ് ജയരാജിനെ കൂടി ക്ഷണിച്ചതെന്നും അപ്പോഴേക്കും ആസിഫ് അലി ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നുവെന്നും രമേശ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
എം.ടി വാസുദേവന്‍ നായരുടെ ഒൻപത് തിരക്കഥകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിൻ്റെ ട്രെയിലര്‍ ലോഞ്ചിന് ശേഷം നടന്ന അണിയറ പ്രവര്‍ത്തരെ ആദരിക്കുന്ന ചടങ്ങിലാണ് സംഭവം.