ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക് എത്തുന്നു. തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനാണ് സിനിമാഭിനയത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മാരി സെല്‍വരാജ് ചിത്രത്തില്‍ ഇന്‍പന്‍ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
അടുത്തിടെയാണ്, തമിഴിലെ പ്രമുഖ സിനിമാ നിർമാണ സ്ഥാപനമായ റെഡ് ജയന്റ് മൂവീസിന്റെ മേധാവിയായി ഇന്‍പന്‍ ചുമതലയേറ്റത്. 2008ല്‍ ഉദയനിധി സ്റ്റാലിനാണ് നിർമാണ കമ്പനി ആരംഭിച്ചത്. ധനുഷ് നായകനായ 'ഇഡ്‌ലി കട'യാണ് ഇന്‍പന്‍ സിഇഒ ആയ ശേഷം റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്ത ആദ്യ ചിത്രം. 21ാം വയസിലാണ് തമിഴിലെ മുന്‍നിര നിർമാണ സ്ഥാപനത്തിന്റെ സാരഥ്യം ഇന്‍പന്‍ ഏറ്റെടുത്തത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി, വിജയ് ചിത്രം 'കുരുവി' നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ഗൗതം വാസുദേവ് മേനോന്റെ 'വിണ്ണൈ താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെയാണ് വിതരണരംഗത്തേക്ക് കടന്നുവരുന്നത്. ഇന്ന് തമിഴ്നാട്ടില്‍ റിലീസ് ആകുന്ന ബഹുഭൂരിപക്ഷം ബിഗ് ബജറ്റ് ചിത്രങ്ങളും വിതരണം ചെയ്യുന്നത് റെഡ് ജയന്റ്സാണ്. നിർമാണ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴാണ് ഉദനിധി അഭിനയ രംഗത്തേക്ക് എത്തുന്നത്. 2009ല്‍ 'ആദവന്‍' എന്ന സൂര്യ ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം. 2023ല്‍ നായക വേഷത്തില്‍ എത്തിയ മാരി സെല്‍വരാജ് ചിത്രം 'മാമന്നന്‍' വലിയ തോതില്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.
നിർമാതാവില്‍ നിന്ന് അഭിനയ രംഗത്തേക്ക് ചുവടുവെച്ച ഇന്‍പന്‍ ഉദയനിധി എന്ന ഇന്‍പനിധി പിതാവിന്റെ പാത തന്നെയാണ് പിന്തുടരുന്നത്. നാടകാഭിനയ ശില്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഡിഎംകെയുടെ സമ്മേളനങ്ങളിലും സർക്കാരിന്റെ പ്രധാന പരിപാടികളിലും ഇൻപനിധി സജീവ സാന്നിധ്യവുമാണ്.