
ഭാവയില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫിലിം മേക്കിംഗ് ആസ്വദിക്കാറുണ്ടെന്നും മാര്‍ക്കോ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
'ഞാന്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ആക്ഷന്‍ സിനിമ ചെയ്യുന്നത്. മാര്‍ക്കോ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലന്റായ സിനിമയാണ്. ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്. ഞാന്‍ ഫിലിം മേക്കിംഗ് ആസ്വദിക്കുന്ന ആളാണ്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ട്', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'മലയാളം സിനിമ ഇപ്പോള്‍ നല്ല നിലയിലാണ് നില്‍ക്കുന്നത്. ഈ സിനിമ മേഖലയുടെ പ്രതിനിധി എന്ന നിലയില്‍ നല്ല സിനിമകള്‍ നിര്‍മിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഇന്ന് പ്രേക്ഷകര്‍ക്ക് ഒരുപാട് ചോയിസുകളുണ്ട്. അതുകൊണ്ട് തന്നെ മികച്ച സിനിമകളായി വരേണ്ടത് അത്യാവശ്യമാണ്. എല്ലാ സിനിമ മേഖലകളും മികച്ച സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. അവരും നല്ല സിനിമകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ട്. ഒടിടി കാരണം റീജ്യണല്‍ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ആ സിനിമകള്‍ അര്‍ഹിക്കുന്ന ശ്രദ്ധിയിപ്പോള്‍ ലഭിക്കുന്നുണ്ടെ'ന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
2024 ഡിസംബര്‍ 20നാണ് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മാര്‍ക്കോ റിലീസ് ചെയ്തത്. മോസ്റ്റ് വയലന്റ് പിക്ച്ചര്‍ എന്ന ടാഗ് ലൈനോടെയാണ് സിനിമ തിയേറ്ററിലെത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ക്യൂബന്‍ എന്റര്‍ട്ടെയിന്‍മെന്റസാണ്. ചിത്രം ആഗോള തലത്തില്‍ 100 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു.