New Release | പാന്‍ ഇന്ത്യന്‍ ചിത്രം മുതല്‍ വെബ് സീരീസ് വരെ; ജൂണ്‍ 20ന് വമ്പന്‍ റിലീസുകള്‍

New OTT Release | തിയേറ്റര്‍ റിലീസ് മാത്രമല്ല ഒരു ഒടിടി റിലീസ് കൂടി നാളെ പ്രേക്ഷകര്‍ക്കായി എത്തുന്നുണ്ട്
kUBERA AND KERALA CRIME FILES 2
കുബേര, കേരള ക്രൈം ഫയല്‍സ് 2Source : Facebook and YouTube Screen Grab
Published on

New Release : നാല് റിലീസുകളാണ് ജൂണ്‍ 20 വെള്ളിയാഴ്ച്ച പ്രേക്ഷകരെ കാത്തിരിക്കുന്നത്. തിയേറ്റര്‍ റിലീസ് മാത്രമല്ല ഒരു ഒടിടി റിലീസ് കൂടി നാളെ പ്രേക്ഷകര്‍ക്കായി എത്തുന്നുണ്ട്. ഇത്തവണ വീക്കന്‍ഡ് തിയേറ്ററില്‍ പോയി മാത്രമല്ല വീട്ടിലിരുന്നും പ്രേക്ഷകര്‍ക്ക് ആഘോഷിക്കാം. അതില്‍ മലയാളത്തില്‍ നിന്ന് മാത്രം രണ്ട് റിലീസുകളുണ്ട്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആ റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 (Kerala Crime Files Season 2)

മലയാളത്തിലെ ആദ്യ പൊലീസ് സീരീസായ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 നാളെ മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. അജു വര്‍ഗീസ്, ലാല്‍ എന്നിവരായിരുന്നു ആദ്യ സീസണിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ രണ്ടാം സീസണിലും ഉണ്ട്. അവരെ കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും രണ്ടാം സീസണിലുണ്ട്.

'ജൂണ്‍', 'മധുരം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് സീരീസിന്റെ സംവിധായകന്‍. ബാഹുല്‍ രമേശാണ് സീസണ്‍ 2ന്റെ തിരക്കഥാകൃത്ത്. മങ്കി ബിസിനസിന്റെ ബാനറില്‍ ഹസ്സന്‍ റഷീദ്, അഹമ്മദ് കബീര്‍, ജിതിന്‍ സ്റ്റാനിസ്ലാസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (United Kingdom of Kerala)

രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' നാളെ തിയേറ്ററുകളിലെത്തും. 'ചെമ്പരത്തി പൂവ്', 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രന്‍സ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി,മനോജ് കെ യു, മീര വാസുദേവ് എന്നിവരും ചിത്രത്തിലുണ്ട്.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

സിത്താരേ സമീന്‍ പര്‍ (Sitaare Zameen Par)

'ലാല്‍ സിംഗ് ഛദ്ദ'യ്ക്ക് ശേഷം ബോളിവുഡ് താരം ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് 'സിത്താരെ സമീന്‍ പര്‍'. ജൂണ്‍ 20ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ജെനീലിയ ഡിസൂസയാണ് നായിക. ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പാനിഷ് ചിത്രമായ 'ചാംപ്യന്‍സിന്റെ' റീമേക്ക് കൂടിയാണ് ഈ ചിത്രം.

കുബേര (Kuberaa)

നടന്‍ ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കുബേര'. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.

നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 20ന് തിയേറ്ററിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com