Urvashi
ഉർവശി

"ആടുജീവിതം പരാമര്‍ശിക്കാതെ പോയി"; സുരേഷ് ഗോപി ചോദിച്ച് ഉത്തരം പറയട്ടേയെന്ന് ഉര്‍വശി

ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
Published on

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആടുജീവിതം പരാമര്‍ശിക്കപ്പെടാത്തതിനെ കുറിച്ചും ഉര്‍വശി അതൃപ്തി അറിയിച്ചു. സുരേഷ് ഗോപിയൊക്കെ അവിടെ ഉണ്ടല്ലോ അദ്ദേഹം ഉത്തരം പറയട്ടേയെന്നും അവര്‍ പറഞ്ഞു.

"ഒരു അവാര്‍ഡ് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത്. ജൂറിക്ക് അത് വ്യക്തമാക്കേണ്ട കടമയുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്റെ കാര്യത്തില്‍ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ക്ക് എന്താണ് വിശ്വാസം. ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. കുട്ടേട്ടന്റെ(വിജയരാഘവന്റെ) ഷാരൂഖ് ഖാന്റെ പെര്‍ഫോമന്‍സും തമ്മില്‍ അവര്‍ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു. ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി?", ഉര്‍വശി പറഞ്ഞു

Urvashi
"ആരെയും അപമാനിച്ചിട്ടില്ല, നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല"; പറഞ്ഞതില്‍ ഉറച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

"തീയെന്ന് പറഞ്ഞാല്‍ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെയും പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്‌കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നില്‍ക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ", എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ഉള്ളൊഴുക്ക് തന്നെയായിരുന്നു മികച്ച മലയാള ചിത്രം. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 2018ന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പൂക്കാലം എന്ന ചിത്രത്തിന് മികച്ച എഡിറ്റിങിനുള്ള പുരസ്‌കാരവും ലഭിച്ചു.

News Malayalam 24x7
newsmalayalam.com