
പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ച ചിത്രം വൈഴൈയുടെ രണ്ടാം ഭാഗം ഒരുങ്ങാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ മാരി സെല്‍വരാജ്. ഇനിയും കഥകള്‍ പറയാനുണ്ട്. അതിനാല്‍ വാഴൈ 2 ഒരുക്കുമെന്നാണ് മാരി സെല്‍വരാജ് പറഞ്ഞത്. വാഴൈയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
'മാരി സെല്‍വരാജ് ആരാണെന്ന് അറിയിക്കാനാണ് വാഴൈ എടുത്തത്. നിങ്ങള്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പറയാന്‍ ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുകൊണ്ടേയിരിക്കും. വാഴൈ 2 ഒരുക്കാനുള്ള സാധ്യതയുമുണ്ട്. ഇനിയും ഒരുപാട് കഥകള്‍ പറയാനുണ്ട്, ഇതേ അഭിനേതാക്കളെ വെച്ച് വാഴൈ 2 ഒരുക്കും, കാരണം ഇതിന് പിന്നില്‍ കൂടുതല്‍ വേദനയും കഥകളും ഉണ്ട്,' എന്ന് മാരി സെല്‍വരാജ് പറഞ്ഞു.
ഓഗസ്റ്റ് 23നാണ് വാഴൈ തിയേറ്ററിലെത്തിയത്. മാമന്നന് ശേഷം മാരി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. അതേസമയം ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 27 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിഖില വിമല്‍, കലൈയരസന്‍, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.