

മാസ്, ആക്ഷൻ, ത്രില്ലർ, കോമഡിക്ക് കോമഡി, റൊമാൻസ്, ഹൊറർ അങ്ങനെ ട്ടുമിക്ക ജോണറിലുമുള്ള സിനിമകളുമായാണ് ജൂലൈ എത്തുന്നത്. നിരവധി ചിത്രങ്ങളാണ് ഈ മാസം തിയേറ്ററുകളിൽ നിങ്ങളെ കാത്തിരിക്കുന്നത്. അതിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി'. ജൂലൈ 9നാണ് ചിത്രം തിയറ്റിലെത്തുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള കൗണ്ട്ഡൗൺ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' സുപ്രിയ മേനോനാണ് നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകുമിതെന്നാണ് സൂചന.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ ആദ്യ സിനിമ 'വരവ്' ജൂലൈ 16ന് തിയേറ്റലിലെത്തും. ശ്രീ ഗോകുലം മൂവീസാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളിൽ എത്തിക്കുന്നത്. ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ് ഡയലോഗുകളും, ഹൃദയത്തെ സ്പർശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, കരുത്തുറ്റ ആക്ഷൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വാണി വിശ്വനാഥ്, വ്യത്യസ്ത വേഷങ്ങളുടെ അഭിനയ മികവിൽ ഇഷ്ട താരമായി മാറിയ സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ഹൊറർ ചിത്രമാണ് മറ്റൊരു ജൂലൈ റിലീസ്. ജൂലൈ മൂന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേഷകർ കാത്തിരിക്കുന്ന അന്യഭാഷ ചിത്രങ്ങളും ഈ മാസം തിയേറ്ററുകളിലെത്തുന്നുണ്ട്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. E4 എൻ്റർടെയിൻമെൻ്റ് ആണ് "ഗാട്ട കുസ്തി 2" കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ 'നാഗബന്ധം' ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്.