മങ്കാത്ത പോലെ അവിസ്മരണീയമായിരിക്കും GOAT : വെങ്കിട്ട് പ്രഭു

സെപ്റ്റംബര്‍ 5 നാണ് ഗോട്ട് തിയേറ്ററിലെത്തുന്നത്
മങ്കാത്ത പോലെ അവിസ്മരണീയമായിരിക്കും GOAT : വെങ്കിട്ട് പ്രഭു
Published on
Updated on

വിജയ് നായകനായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഇപ്പോഴിതാ ചിത്രം അജിത്തിന്റെ മങ്കാത്ത പോലെ അവിസ്മരണീയമായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വെങ്കിട്ട് പ്രഭു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കിട്ട് പ്രഭു ഇക്കാര്യം പറഞ്ഞത്.

'വളരെ മനോഹരമായൊരു അനുഭവമായിരുന്നു വിജയ്‌ക്കൊപ്പം ഉള്ളത്. തുടക്കത്തില്‍ എനിക്ക് അല്‍പം പേടി ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം എന്നെ കംഫര്‍ട്ടബിള്‍ ആക്കി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ യൂഷ്വല്‍ സെല്‍ഫായി. വളരെ പ്രൊഫഷണലായൊരു വ്യക്തിയാണ് വിജയ്. പ്രിപ്പെയര്‍ ചെയ്താണ് സെറ്റില്‍ എത്തുക. സെറ്റില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം ശാന്തനായി ഇരുന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. ക്യാമറയ്ക്ക് മുന്നില്‍ എത്തി നിങ്ങള്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ വളരെ ആവേശത്തോടെ ഷോട്ട് തരും നമുക്ക്. അത് അദ്ദേഹത്തെ കുറിച്ച് പറയേണ്ട കാര്യമാണ്', വെങ്കിട്ട് പ്രഭു പറഞ്ഞു.

'ഗോട്ടില്‍ രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുന്നത്. ഒന്ന് വളരെ ശാന്തനായ കഥാപാത്രവും ഒന്ന് വളരെ എനര്‍ജെറ്റിക്കായ കഥാപാത്രവുമാണ്. അദ്ദേഹം കഥയിലെ ഒരു കാര്യത്തിലും ഇടപെടുകയും ചെയ്തില്ല മാറ്റങ്ങള്‍ വരുത്താനും പറഞ്ഞില്ല. ഞാന്‍ വിചാരിച്ചതുപോലെ തന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചു. വിജയ് സിനിമ മേഖല വിട്ട് പോവുകയായതിനാല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് വിജയ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമ കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോഴും അജിത്ത് ആരാധകര്‍ മങ്കാത്തയെ കുറിച്ച് സംസാരിക്കാറുണ്ട്. അതുപോലൊരു സിനിമ വിജയിക്കൊപ്പം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമയാണ് ഞാന്‍ ഉണ്ടാക്കിയതെന്നാണ് വിശ്വാസം. പ്രേക്ഷകര്‍ അത് കാണാന്‍ പ്രതീക്ഷിച്ച് ഇരിക്കുകയാണ് ഞാന്‍', എന്നും വെങ്കിട്ട് പ്രഭു കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 5നാണ് ഗോട്ട് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് നൂനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com