
സംവിധായകന്‍ വെട്രിമാരന്റെ അടുത്ത സിനിമയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. അതുപോലെ തന്നെ 'വട ചെന്നൈ 2'നെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ വെട്രിമാരന്‍ തന്നെ അഭ്യൂഹങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ്. ധനുഷ് നായകനാകുന്ന 'വട ചെന്നൈ 2' എപ്പോള്‍ ആരംഭിക്കുമെന്നും അതില്‍ സിലമ്പരസന്‍ ഉണ്ടാകുമോ എന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ വെട്രിമാരന്‍ ഉത്തരം നല്‍കി.
തന്റെ അടുത്ത സിനിമ കലൈപുലി എസ് താനു ആണ് നിര്‍മിക്കുന്നതെന്നും സിലമ്പരസന്‍ ആണ് ചിത്രത്തിലെ നായകനെന്നും വെട്രിമാരന്‍ പറഞ്ഞു. അതുപോലെ സൂര്യ ചിത്രമായ 'വാടിവാസല്‍' താല്‍കാലികമായി മാറ്റിവെക്കുകയാണെന്നും വ്യക്തമാക്കി. സിമ്പുവുമായുള്ള കൂടിക്കാഴ്ച്ച താനുവാണ് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"ഇത് വട ചെന്നൈ 2 അല്ല. വട ചെന്നൈ 2 അന്‍ബുവിന്റെ കഥയാണ്. അതില്‍ ധനുഷ് ആണ് അഭിനയിക്കുക. എന്നാല്‍ സിലമ്പരസനുമായുള്ള സിനിമ വട ചെന്നൈയുടെ ലോകത്താണ് നടക്കുന്നത്. അതായാത്. ആ ലോകത്തിലെ ചില കഥാപാത്രങ്ങളും വശങ്ങളും അവിടെ ഉണ്ടാകും. ഒരേ കാലഘട്ടത്തില്‍ തന്നെയായിരിക്കും ഈ സിനിമയും നടക്കുന്നത്", വെട്രിമാരന്‍ വ്യക്തമാക്കി.
'വട ചെന്നൈ'യുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രമായതിനാല്‍ തന്നെ ധനുഷ് സിമ്പു ചിത്രത്തിന് എന്‍ഓസി നല്‍കാന്‍ പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. അക്കാര്യത്തിലും സംവിധായകന്‍ വ്യക്തത വരുത്തി. ധനുഷ് ഐപി അവകാശത്തിന്റെ യഥാര്‍ത്ഥ ഉടമയാണെന്നും ധാര്‍മികമായോ നിയമപരമായോ പണം ചോദിക്കുന്നതില്‍ തെറ്റില്ലെന്നും വെട്രിമാരന്‍ പറഞ്ഞു. അതോടൊപ്പം സിമ്പു ചിത്രം ധനുഷിനെ ആശ്രയിച്ചിരിക്കുന്നുവെന്നും നിയമപരമായ കോപിറൈറ്റ് ഉടമ ധനുഷാണെന്നും വെട്രിമാരന്‍ പറഞ്ഞു.
"അങ്ങനെയൊരു സിനിമ ചെയ്യുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ധനുഷ് പറഞ്ഞത്. ധനുഷ് എന്‍ഓസിക്ക് പണം ആവശ്യപ്പെട്ടിട്ടില്ല", സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ധനുഷിനെയും തന്നെയും കുറിച്ച് ആളുകള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവരുടെ ബന്ധം ശക്തമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. "എന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ ഒരിക്കലും ധനുഷ് തടസപ്പെടുത്തിയിട്ടില്ല. എന്റെ ക്രിയേറ്റീവ് സെപേസ് വ്യക്തമായി തന്നെ സൂക്ഷിക്കാന്‍ അദ്ദേഹം എപ്പോഴും പറയും", വെട്രിമാരന്‍ പറഞ്ഞു. ധനുഷ് തന്നെ സിമ്പുവുമായുള്ള സിനിമ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.