
കഹാനി സിനിമയുടെ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ സുജോയ് ഘോഷ്. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചില്‍. കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ചതിനാല്‍ അഭിനേതാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് സുജോയ് ഘോഷ് പറയുന്നത്. വിദ്യാ ബാലന് കാരവാന്‍ പോലും നല്‍കാന്‍ ആയില്ല. അതേ തുടര്‍ന്ന് വിദ്യാ ബാലന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാര്‍ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലിരുന്നായിരുന്നു വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറഞ്ഞു.
വിദ്യാ ബാലന് വേണമെങ്കില്‍ കഹാനി വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാല്‍ അവര്‍ നല്‍കിയ വാക്കിനെ തുടര്‍ന്നാണ് അവര്‍ ചിത്രത്തില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറുപുലര്‍ത്തുന്നവരാണ്. വിദ്യയും അത്തരത്തിലുള്ള വ്യക്തിയാണെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
2012-ലാണ് ബോളിവുഡ് ചിത്രം കഹാനി റിലീസ് ചെയ്യുന്നത്. 15 കോടിക്ക് നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 79.20 കോടി കളക്ട് ചെയ്തിരുന്നു. ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തില്‍ വിദ്യാ ബാലന് പുറമെ നവാസുദ്ദീന്‍ സിദ്ദിഖി, ഇന്ദ്രനീല്‍ സെന്‍ഗുപ്ത, പരംബ്രത ചാറ്റര്‍ജി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൊല്‍ക്കത്തയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.