

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗര്യവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഹായ് നാന'യ്‌ക്ക് ശേഷം ശൗര്യവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നാല് നായകളെ ബന്ധിച്ച മെറ്റൽ ചെയിനും പിടിച്ച് മുന്നോട്ട് നടക്കുന്ന വിജയ് ദേവരകൊണ്ടയെ ആണ് പ്രഖ്യാപന പോസ്റ്ററിൽ കാണാൻ സാധിക്കുക. വിജയ്‌യെ കൂടാതെ ചിലർ കൂടി പോസ്റ്ററിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ചവരുടെ ഒരു സംഘം, ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവർ. എമി ജേതാവായ വിഎഫ്‌എക്സ് സൂപ്പർവൈസർ എറിക് ഡർസ്റ്റ്, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്, ഡിഒപി അലെഹാന്ദ്രോ മാർട്ടിനസ്, എഡിറ്റർ പ്രവീൺ ആന്റണി, കലാ സംവിധായകൻ സുരേഷ് സെൽവരാജൻ, കോസ്റ്റ്യൂം ഡിസൈനർ സച്ചിൻ ലോവലേക്കർ എന്നിവരെയാണ് വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
പൂർണമായും സാങ്കൽപ്പികമായ ഒരു സമാന്തര മിത്തോളജിക്കൽ ലോകത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് സൂചന. തന്റെ ഓരോ ചിത്രത്തിലും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന നടനാണ് വിജയ് ദേവരകൊണ്ട . നടന്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഗോള നിലവാരമുള്ള അണിയറപ്രവർത്തകർ തന്നെയാണ്. 'ഹൗസ് ഓഫ് ദി ഡ്രാഗൺ', 'ഫാൾ ഔട്ട്' പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെഹാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'അനിമൽ', 'ഓം ശാന്തി ഓം' എന്നീ ചിത്രങ്ങളിൽ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. 'ഗോഡ്സ് ഓഫ് ഈജിപ്റ്റ്, 'ബാറ്റ്മാൻ ഫോറെവർ', 'സ്നോ പിയേഴ്സർ' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ് കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ, മലയാളി കൂടിയായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പിആർഒ : പ്രതീഷ് ശേഖർ.