
വിജയ് ആരാധകന്‍ എന്ന നിലയില്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണിക്കണ്ണന്‍. വിജയ്‌യെ കാണാന്‍ ജനുവരി 1ന് രാവിലെ തുടങ്ങിയ ഉണ്ണിക്കണ്ണന്റെ കാല്‍നടയാത്ര സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ യാത്രയ്ക്ക് ഫലം കണ്ടുവെന്നാണിപ്പോള്‍ ഉണ്ണിക്കണ്ണന്‍ അറിയിച്ചിരിക്കുന്നത്. വിജയ്‌യുടെ പുതിയ ചിത്രം ജന നായകന്റെ ലൊക്കേഷനില്‍ എത്തി താരത്തെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്നാണ് ഉണ്ണിക്കണ്ണന്‍ അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഉണ്ണിക്കണ്ണന്‍ ഇക്കാര്യം അറിയിച്ചത്.
''വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ ആയതുകൊണ്ട് ഫോട്ടോയും വീഡിയോയും എടുക്കാന്‍ സാധിച്ചില്ല. അവര്‍ വിഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു'; ഉണ്ണിക്കണ്ണന്‍ പറഞ്ഞു.
എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും'', ഉണ്ണിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണിക്കണ്ണന്‍ പറയുന്നുണ്ട്.
അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെയാണ് പുറത്തുവന്നത്. താരത്തിന്റെ കരിയറിലെ 69-ാമത് ചിത്രമാണിത്. പേരുപോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലമുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.