
ബിഗ് ബോസ് തമിഴ് സീസണ്‍ 8 ന്‍റെ അവതാരകനായി ചലച്ചിത്ര താരം വിജയ് സേതുപതി എത്തുന്നു. വിജയ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ ആദ്യ സീസണ്‍ മുതല്‍ അവതാരകനായിരുന്ന കമല്‍ഹാസന്‍ പിന്‍മാറിയതോടെയാണ് പുതിയ സീസണ്‍ മുതല്‍ അവതാരകനായി വിജയ് സേതുപതിയെത്തുന്നത്. നടനെ ഷോയുടെ പുതിയ അവതാരകനായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രൊമോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം അടുത്ത സീസണ്‍ അവതരിപ്പിക്കാന്‍ ഉണ്ടാകില്ലെന്ന് കമല്‍ഹാസന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് കമലിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന പ്രധാന പ്രൊജക്ട്. സീസണ്‍ 8ലെ അവതാരകന്‍ വിജയ് സേതുപതി ആണെന്ന് സ്ഥിരീകരിച്ചതോടെ ആരൊക്കെയാകും മത്സരാര്‍ത്ഥികളായി എത്തുക എന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.
വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയുടെ രണ്ടാം ഭാഗമാണ് വിജയ് സേതുപതിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തും.