മണിരത്നം, മിഷ്കിൻ, കുമാരരാജ...; ഗംഭീര ലൈനപ്പുമായി വിജയ് സേതുപതി

രജനികാന്ത് ചിത്രം 'ജയിലർ 2'ൽ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്
മണിരത്നം, മിഷ്കിൻ, കുമാരരാജ...; ഗംഭീര ലൈനപ്പുമായി വിജയ് സേതുപതി
Published on
വിജയ് സേതുപതി
വിജയ് സേതുപതി

മികവുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ സിനിമകൾക്ക് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ, ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ.

മിഷ്കിന്റെ ട്രെയിൻ, ത്യാഗരാജ കുമാരരാജയുടെ പോക്കറ്റ് നോവൽ, ബാലാജി തരണീതരന്റെ ദത്ത, വെട്രിമാരന്റെ അരസൻ, പുരി ജഗനാഥിന്റെ തെലുങ്ക് ചിത്രം സ്ലം ഡോഗ്, മണിരത്നം ചിത്രം എന്നിങ്ങനെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളാണ് വിജയ് സേതുപതിയുടെ ലൈനപ്പിലുള്ളത്. രജനികാന്ത് ചിത്രം ജയിലർ 2ൽ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്.

1. ട്രെയിൻ

മിഷ്കിൻ സംവിധാനം ചെയ്ത ട്രെയിൻ ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. മിഷ്കിൻ - വിജയ് സേതുപതി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണിത്. ഒന്നര വർഷം മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. പല കാരണങ്ങളാൽ സിനിമയുടെ റിലീസ് നീണ്ടുപോകുകയായിരുന്നു.

നാസർ, ശ്രുതി ഹാസൻ, യുഗി സേതു, നരേൻ, കെ. എസ്. രവികുമാർ, സമ്പത്ത് രാജ്, കലയരശൻ, ഇറ ദയാനന്ദ്, അജയ് രത്നം, വിൻസെന്റ് അശോകൻ, ബാബ്ലു പൃഥ്വിരാജ്, ത്രിഗുൺ അരുൺ, ഗണേഷ് വെങ്കട്ടരാമൻ, പ്രീതി കരൺ, സിങ്കമ്പുലി, സുരേഷ് ചന്ദ്ര മേനോൻ, ഷാജി, സെൽവ ചന്ദ്രശേഖർ, ജി. ആർ. ആദിത്യ, രോഹൻ, കനിഹ, ജനനി, ദിയ ശർമ, കോമകൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ്: ശ്രീ വാട്സൺ, ഛായാഗ്രഹണം: ഫൗസിയ ഫാത്തിമ. സിനിമയുടെ തിരക്കഥയും സംഗീതം ഒരുക്കിയിരിക്കുന്നത് മിഷ്‌കിൻ ആണ്.

2. പോക്കറ്റ് നോവൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോക്കറ്റ് നോവൽ. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സൂപ്പർ ഡീലക്സിന് ശേഷം കുമാരരാജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

രാജ് ബി ഷെട്ടി, മാളവിക മോഹനൻ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഇളയരാജയാണ് പോക്കറ്റ് നോവലിന് സംഗീതം നൽകുന്നത്. സൂപ്പർ ഡീലക്സ്, മോഡേൺ ലവ്: ചെന്നൈ എന്നിവയ്ക്ക് ശേഷം നിരവ് ഷാ വീണ്ടും കുമാരരാജയ്‌ക്കൊപ്പം ഛായാഗ്രാഹകനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പോക്കറ്റ് നോവലിനുണ്ട്. ആൻഡ്രൂ ലൂയിസ് കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് യുഗഭാരതിയാണ്. ദിലീപ് സുബ്ബരായനാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

3. സ്ലം ഡോഗ്

വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സ്ലം ഡോഗ് . '33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്ട് നിർമിക്കുന്നത് പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

4. അരസൻ

സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന അരസനിൽ ഒരു പ്രധാന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അരസൻ. വിസാരണൈ എന്ന സിനിമയ്‌ക്ക് ശേഷം സേതുപതിയും വെട്രിമാരനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വട ചെന്നൈ യൂണിവേഴ്സിലാണ് സിനിമയുടെ കഥ നടക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സിലമ്പരസൻ, വിജയ് സേതുപതി എന്നിവർക്ക് പുറമേ സമുദ്രകനിയും കിഷോറും സിനിമയിൽ പ്രധാന വേഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

5. ദത്ത

വിജയ് സേതുപതിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് ബാലാജി തരണീധരൻ ഒരുക്കിയ നടുവിലെ കൊഞ്ചം പക്കത്തെ കാണോം. ബാലാജിയുടെ സീതാക്കത്തിയും നടനെന്ന നിലയിൽ സേതുപതിക്ക് പേര് നേടിക്കൊടുത്ത സിനിമയായിരുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രമാണ് ദത്ത. സിനിമയുടെ ഡബ്ബിങ് പുരോഗമിക്കുകയാണ്. സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

6. മണിരത്നം ചിത്രം

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം സായ് പല്ലവിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അടുത്തിടെ, കൊൽക്കത്തയിലെ പ്രശസ്തമായ ഹൗറ പാലത്തിൽ നടന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. മീശയും താടിയും വടിച്ച പുതിയ ലുക്കിലാണ് വിജയ് സേതുപതി മണിരത്നം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതൊരു പ്രണയ ചിത്രമാണെന്നാണ് സൂചന.

മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ്, ഇന്ത്യ ടാക്കീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com