തെന്നിന്ത്യയുടെ പ്രിയതാരം വിജയ് സേതുപതിയുടെ മകൻ സൂര്യ നായകനായെത്തിയ ചിത്രമാണ് ഫീനിക്സ്. സ്റ്റണ്ട് കൊറിയോഗ്രഫറായ അനൽ അരസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. കഴിഞ്ഞ ദിവസമാണ് ഫീനിക്സ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണത്തോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതിനിടെ തന്റെ മകനു വേണ്ടി മാപ്പു ചോദിച്ച വിജയ് സേതുപതിയുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സിനിമയുടെ പ്രീമിയറിൽ ആരാധകരുമായുള്ള സംവാദത്തിനിടെ സൂര്യ ച്യൂയിംഗം ചവച്ചിരുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് നടന്റെ പ്രതികരണം. "മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല. അത് അറിയാതെ ചെയ്തതാകാം. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലോ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," എന്നാണ് നടൻ പറഞ്ഞത്.
സൂര്യ സേതുപതി ച്യൂയിംഗം ചവയ്ക്കുന്ന വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനു പിറകേ സൂര്യയ്ക്ക് അഹങ്കാരമാണെന്ന രീതിയിൽ നിരവധി ട്രോളുകളും പുറത്തുവന്നു. ഇതോടെയാണ് മകനുവേണ്ടി അച്ഛൻ തന്നെ രംഗത്തെത്തിയത്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണി ഫീനിക്സിൽ. നേരത്തേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ അഭിനയിച്ചിട്ടുണ്ട്.
വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ഫീനിക്സിൽ അഭിനയിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.