"മാര്‍ക്കറ്റ് ഇടിഞ്ഞപ്പോള്‍ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്"; വിവാദമായി വിജയ്‌യുടെ പരാമര്‍ശം, പ്രതികരണവുമായി കമല്‍ ഹാസന്‍

കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാത്ത തരത്തിലായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.
Kamal Haasan and Vijay
കമല്‍ ഹാസന്‍, വിജയ് Source : X
Published on

ഇന്നലെയാണ് മധുരയില്‍ വെച്ച് തമിഴക വെട്രി കഴകത്തിന്റെ പൊതുസമ്മേളനം നടന്നത്. സമ്മേളനത്തില്‍ നടന്‍ വിജയ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സൈബര്‍ പോരിന് തുടക്കമിട്ടിരിക്കുകയാണ്. "മാര്‍ക്കറ്റ് ഇടിഞ്ഞപ്പോള്‍ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്", എന്ന വിജയ്‌യുടെ പരാമര്‍ശമാണ് വിവാദമായത്. വിജയ് നടത്തിയ പരാമര്‍ശം രാഷ്ട്രീയ പ്രവേശം നടത്തിയ മുതിര്‍ന്ന താരങ്ങളായ കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചാണ് എന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ കമല്‍ ഹാസന്‍ - വിജയ് ആരാധകര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി.

വിവാദത്തിന് പിന്നാലെ നടന്‍ കമല്‍ ഹാസനും പ്രതികരണവുമായി രംഗത്തെത്തി. 'വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ? വിലാസം ഇല്ലാത്ത കത്തിന് ആരെങ്കിലും മറുപടി അയക്കുമോ? മാത്രമല്ല വിജയ് എനിക്ക് അനുജനെ പോലെയാണ്', എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാത്ത തരത്തിലായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം. എന്നിരുന്നാലും ഇരുവരുടെയും ആരാധകര്‍ സൈബറിടത്തില്‍ പോര് തുടരുകയാണ്.

അതേസമയം മധുര ജില്ലയിലെ പരപതിയിലാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാനതല സമ്മേളനം നടന്നത്. 500 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സമ്മേളന സ്ഥലത്ത് ഏകദേശം രണ്ട് ലക്ഷം പേര്‍ക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 300 മീറ്റര്‍ നീളമുള്ള റാംപിലൂടെ അണികളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലേക്ക് എത്തിയത്. ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളായ പെരിയാര്‍, കാമരാജ്, ബി.ആര്‍. അംബേദ്കര്‍, വേലു നാച്ചിയാര്‍, ആഞ്ചലൈ അമ്മാള്‍ എന്നിവര്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com