

കൊച്ചി: വിക്രമിനെ നായനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ച 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ റിലീസിനായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2017ൽ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ 'ധ്രുവനച്ചത്തിരം' റിലീസിനെപ്പറ്റി പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.
'ധ്രുവനച്ചത്തിര'ത്തിന്റെ നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചതായി നേരത്തെ ഗൗതം വാസുദേവ് മേനോൻ അറിയിച്ചിരുന്നു. സിനിമ ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സൂര്യ നായകനാകുന്ന 'കറുപ്പ്' എന്ന ചിത്രവും ഇതേ ദിവസമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ക്ലാഷ് റിലീസ് ആണ് ഇപ്പോൾ തമിഴ് സിനിമാലോകത്തെ ചർച്ച.
സാമ്പത്തികവും നിയമപരവുമായ തടസങ്ങളും കോവിഡ് 19 മഹാമാരിയുമാണ് 'ധ്രുവനച്ചത്തിര'ത്തിന്റെ ചിത്രീകരണവും റിലീസും പ്രതിസന്ധിയിലാക്കിയത്. വർഷങ്ങളോളം നിർമാണഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടന്ന ചിത്രം ഒടുവിൽ 2023 ലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. സിനിമ 2023 നവംബർ 24ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചിരുന്ന തീയതിക്ക് തലേദിവസം സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. എല്ലാ പ്രതിസന്ധികളും മറികടന്ന് 'ധ്രുവനച്ചത്തിരം' തിയേറ്ററുകളിൽ എത്തിക്കാൻ തങ്ങളുടെ കഴിവിനും അതിനപ്പുറവും ശ്രമിക്കുന്നുണ്ടെന്നാണ് ആ സമയത്ത് സംവിധായകൻ കുറിച്ചത്. പിന്നീട്, 2024 ജനുവരിയിൽ ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്തേക്കുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയെങ്കിലും അതും നടന്നില്ല.
അതേസമയം, സൂര്യ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'കറുപ്പ്'. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്', ഒരു പക്കാ കൊമേഷ്യല്‍ എന്റര്‍ടെയ്‌നറാണ്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കർ ആണ് 'കറുപ്പി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് സിനിമയുടെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്. തൃഷ കൃഷ്ണന്‍, ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.