
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം വിക്രാന്ത് മാസി സിനിമയില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വിക്രാന്ത് ഇപ്പോള്‍. വിക്രാന്ത് പറയുന്നത് താന്‍ ഉദ്ദേശിച്ചത് വിരമിക്കുക എന്നല്ല മറിച്ച് സിനിമയില്‍ നിന്നും താത്കാലികമായ ഇടവേളയെടുക്കുകയാണ് എന്നതാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും വിക്രാന്ത് പറഞ്ഞു. ന്യൂസ് 18 ഷോഷായില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ വിരമിക്കുന്നില്ല. എനിക്ക് മതിയായതാണ്. ഒരു നീണ്ട ഇടവേള ആവശ്യമുണ്ട്. വീട്ടിലെ കാര്യങ്ങളും ആരോഗ്യവുമെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആളുകള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്', വിക്രാന്ത് പറഞ്ഞു.
'അഭിനയം മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത്. എനിക്കുള്ളതെല്ലാം തന്നത് അഭിനയമാണ്. നിലവില്‍ എന്റെ ശാരീരിക-മാനസിക ആരോഗ്യം കുറച്ച് പ്രശ്‌നത്തിലാണ്. അതുകൊണ്ട് എനിക്ക് കുറച്ച് സമയം വേണ്ടിയിരിക്കുന്നു. അത് എന്റെ അഭിനയത്തെ കൂടി മെച്ചപ്പെടുത്തും. നിലവില്‍ എനിക്കൊരു വിരസത അനുഭവപ്പെടുന്നുണ്ട്. എന്റെ പോസ്റ്റ് ആളുകള്‍ തെറ്റിദ്ധരിച്ചതാണ്. ഞാന്‍ അഭിനയം നിര്‍ത്തുകയാണെന്ന് അവര്‍ കരുതി. എനിക്ക് എന്റെ കുടുംബത്തെയും ആരോഗ്യത്തെയും കൂടുതലായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ തിരിച്ചെത്തും', എന്നും വിക്രാന്ത് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ തന്റെ ഏറ്റവും പുതിയ ചിത്രമായ സബര്‍മതി റിപ്പോര്‍ട്ടിന്റെ സ്‌ക്രീനിങ്ങില്‍ വിക്രാന്ത് പങ്കെടുത്തിരുന്നു. തിങ്കളാഴ്ച്ച പാര്‍ളമെന്റില്‍ വെച്ചായിരുന്നു സ്‌ക്രീനിങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എംപിമാരും സ്‌ക്രീനിങ്ങില്‍ പങ്കെടുത്തു.